കൊറോണ വൈറസ് (കോവിഡ് 19 രോഗം) ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് വിത്തുകോശ ചികിത്സ ഫലപ്രദമാകുന്നു. കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായ നാല് രോഗികള്‍ക്ക് വിത്തുകോശ ചികിത്സയെ തുടര്‍ന്ന് അസുഖം ഭേദമായെന്നാണ് സൂചന. ഇതോടെ കൂടുതല്‍ ഗുരുതരാവസ്ഥയിലായ രോഗികളിലേക്ക് ഈ ചികിത്സാ മാര്‍ഗ്ഗം ഉപയോഗിക്കുന്നുവെന്നും സയന്‍സ് ആൻഡ് ടെക്‌നോളജി ഡെയ്‌ലി റിപ്പോര്‍ട്ടു ചെയ്തു.

പ്രസവസമയത്ത് പൊക്കിള്‍ കൊടിയില്‍ നിന്നാണ് മൂലകോശങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ എടുക്കുന്ന മൂലകോശങ്ങള്‍ സ്‌റ്റെം സെല്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നു. ശരീരത്തിലെ ഏത് കോശങ്ങളായി മാറാനുമുള്ള കഴിവ് ഈ മൂലകോശങ്ങള്‍ക്കുണ്ട്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും അടിസ്ഥാനമാണ് മൂലകോശം അഥവാ വിത്ത്‌കോശം. അതിവേഗത്തില്‍ വിഭജിച്ച് രോഗം ബാധിച്ച ഭാഗങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇവക്കാകും. രോഗം ബാധിച്ച അവയവങ്ങളെ ഈ മൂല കോശങ്ങളുടെ സഹായത്തില്‍ പുതിയ കോശങ്ങളുണ്ടാക്കി കേടുപാടുകള്‍ പരിഹരിക്കുന്ന മാര്‍ഗമാണ് മൂലകോശ ചികിത്സ.

ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കരള്‍ രോഗങ്ങള്‍, തലച്ചോറിലെ മുഴകള്‍, നേത്രസംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സക്ക് വിത്തുകോശങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. സമാനമായി കോവിഡ് 19 രോഗത്തിനെതിരെയും വിത്ത് കോശ ചികിത്സ ഫലപ്രദമാണെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നാല് പേരില്‍ വിത്ത് കോശ ചികിത്സ ഫലപ്രദമായി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ രോഗികളില്‍ ഈ ചികിത്സ നടത്തുമെന്ന് ശാസ്ത്ര സാങ്കേതികവിദ്യ സഹമന്ത്രി സു നാന്‍പിങ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ H7N9 പക്ഷിപ്പനിയുടെ കാലത്ത് വിത്തുകോശ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.