തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എൻ ജി ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി. ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.

അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുതെന്നും കോടതി പറഞ്ഞു. നിലവിൽ കോട്ടയത്തെ ക്രൈംബ്രാഞ്ച് സിഐ ആണ് എൻ ജി ശ്രീമോൻ. സിവിൽ അടക്കമുള്ള കേസുകളിൽ നിയമവിരുദ്ധമായി ഇടപെട്ട് സിഐ ശ്രീമോൻ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നതാണ്. സിഐയ്ക്ക് എതിരായ മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു.

സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതുൾപ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികൾ. സിഐക്കെതിരെ മൊഴി നൽകാൻ എത്തിയവരിൽ സർക്കാർ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നൽകിച്ചുവെന്നായിരുന്നു പോസ്റ്റൽ ജീവനക്കാർ എസ്പിക്ക് നൽകിയ മൊഴി. തൊടുപുഴയിൽ നടന്ന കെഎസ്‍യു സമരത്തിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് പിന്നാലെ, ഇതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പ്രവർത്തകർക്ക് നേരെ സർവീസ് റിവോൾവർ ലോഡ് ചെയ്ത് വെടിയുതിർക്കാൻ തോക്കു ചൂണ്ടിയെന്ന പരാതിയും ശ്രീമോനെതിരെയുണ്ട്.

ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കിയുടെ പരാതിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ ഉത്തരവ്. നേരത്തേ തന്നെ വ്യാപകമായി ശ്രീമോനെതിരെ പരാതിയുയർന്നപ്പോൾ, കോടതി വിജിലൻസിനോട് നേരിട്ട് അന്വേഷിച്ച് പരാതി നൽകാൻ നിർദേശിച്ചിരുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എല്ലാ പരാതിക്കാരെയും കണ്ടു. വിശദമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിശദമായി ഇവ പരിശോധിച്ചപ്പോൾ, മുപ്പതോളം പരാതികളുയർന്നതിൽ 18 പരാതികളിൽ കഴമ്പുണ്ടെന്ന് വിജിലൻസും കോടതിയെ അറിയിച്ചു. വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തിയത്.