ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോകമെമ്പാടും ജനങ്ങൾ കോവിഡ് മഹാമാരി അവസാനിച്ചു എന്ന ആത്മവിശ്വാസത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ, ഇപ്പോഴും ഒരു നിശബ്ദ കൊലയാളിയായി കോവിഡ് രോഗം തുടരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഏതാനും മാസമായി ബ്രിട്ടനിൽ കോവിഡ് വീണ്ടും ഭീതി പരത്തുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനത്തെ കണക്കുകൾ പ്രകാരം 5975 പേരാണ് കോവിഡ് പോസിറ്റീവ് ആയി രാജ്യത്തുള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. തൊട്ടു മുന്‍പുള്ള ആഴ്ചയിലേക്കാള്‍ 38 ശതമാനം ഉയര്‍ന്ന കണക്കാണിത്. അതേസമയം നവംബര്‍ 17 വരെയുള്ള കണക്കില്‍ 159 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശൈത്യകാലം കൂടി ആരംഭിച്ചതോടെ, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി എന്‍എച്ച്എസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ കോവിഡ് രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ട കായംകുളം സ്വദേശി ഹനീഫ് ഷിബുവിന്റെ വേർപാട് യുകെ മലയാളികൾക്കിടയിൽ മുഴുവൻ വേദനയായിരിക്കുകയാണ്. നാട്ടിലും വിദേശത്തുമായി ബിസിനസ് രംഗത്ത് വിജയങ്ങൾ സമ്പാദിച്ച ഷിബു കുടുംബ സമേതം ഒന്നര വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ഇന്ന് നടന്ന ഷിബുവിന്റെ അന്ത്യ ചടങ്ങുകൾക്കായി ഇൻഫോർഡ് സെമിത്തേരിയിൽ എത്തിയ സഹപ്രവർത്തകരും സുഹൃത്തുക്കൾക്കും താങ്ങാനാവാത്ത വേദനയോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

ഷിബുവിന്റെ മരണം കോവിഡ് രോഗത്തിന്റെ ഭീകരതയാണ് സൂചിപ്പിക്കുന്നത്. കൃത്യമായ സംവിധാനങ്ങൾ ഉള്ളതിനാൽ തന്നെ ബ്രിട്ടനിൽ കോവിഡ് രോഗികളുടെ കണക്കുകൾ എല്ലാം തന്നെ എൻ എച്ച് എസിന്റെ പക്കൽ കൃത്യമായുണ്ട്. ജനങ്ങൾ ഇതിന് ഗൗരവത്തോടെ കാണണമെന്നും ആവശ്യമായ ജാഗ്രതകൾ എടുക്കണമെന്ന നിർദ്ദേശവുമാണ് എൻഎച്ച്എസ് നൽകുന്നത്. ശൈത്യകാലത്ത് എത്തിയിരിക്കുന്ന പുത്തന്‍ വകഭേദമായ പിറോള ബി എ 2.86 എന്ന കോവിഡ് വകഭേദം ഏറ്റവും കൂടുതൽ ശ്രദ്ധ നല്‍കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഡെന്മാര്‍ക്കില്‍ കണ്ടെത്തിയ ഒമൈക്രോണിന്റെ മറ്റൊരു വകഭേദമാണ് ഈ പുതിയ വൈറസ്. കഴിഞ്ഞ ഏതാനും മാസമായി ഈ വകഭേദമാണ് യുകെയില്‍ കോവിഡ് രോഗികളെ സൃഷ്ടിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളെല്ലാവരും തന്നെ കൂടുതൽ ജാഗ്രതയോടെ നിലനിൽക്കണമെന്ന ആവശ്യമാണ് ആരോഗ്യ വിദഗ്ധർ ഒരുപോലെ നൽകുന്നത്.