ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് പൗരന്മാരെ ഗാസയിൽ നിന്ന് ഒഴിപ്പിക്കുന്നത് കടുത്ത കീറാമുട്ടിയായി തുടരുകയാണ്. ഗാസയിൽ നിന്ന് ജനങ്ങൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു . യുദ്ധം കനത്താൽ സാധാരണ ജനങ്ങൾക്ക് ഉണ്ടാകുന്ന ആൾ നാശ നഷ്ടത്തെ മുന്നിൽകണ്ടാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് പൗരന്മാരെ ഗാസ വിടാൻ സഹായിക്കുന്നതിനായി ഈജിപ്തിലേക്കുള്ള റാഫ ക്രോസിംഗ് തുറക്കുന്നതിനായുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല എന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.


നിലവിൽ ഒരേയൊരു റൂട്ടു മാത്രമാണ് ജനങ്ങൾക്ക് ഗാസായിൽ നിന്ന് പുറത്തു കടക്കുന്നതിനായുള്ളൂ. തെക്കൻ ഗാസയിലെ ക്രോസിംഗ് ആണ് ഇത്. ഹമാസ് , ഈജിപ്ത്, ഇസ്രയേൽ എന്നിവയെല്ലാം ആർക്കൊക്കെ കടന്നുപോകാം എന്നതിനെ നിയന്ത്രിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നത്. മറ്റ് പാതകൾ തുറക്കുന്നതിനായി ഇസ്രയേൽ , ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ജെയിംസ് ക്ലെവർലി പറഞ്ഞു. ഇതേ സമയം പാലസ്തീൻ- അമേരിക്കൻ വംശജർക്ക് യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുന്നതിനായി റാഫ ക്രോസിംഗ് തുറക്കാൻ യുഎസ് സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാത തുറക്കുകയാണെങ്കിൽ അത് പരിമിതമായ സമയത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന കാരണത്താലാണ് റാഫയിലേക്ക് നീങ്ങാൻ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് പറഞ്ഞു.

യോർക്ക്‌ഷെയറിലെ വെയ്ക്ക് ഫീൽഡിലുള്ള കാർഡിയോളജി ഡോക്ടറും കുടുംബവും ഇസ്രയേൽ -ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . ഡോ. അഹമ്മദ് സാബ്രയും കുടുംബവുമാണ് യുദ്ധഭൂമിയിൽ അകപ്പെട്ടത്. ഇദ്ദേഹത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദിവസങ്ങളായി ഒരു വിവരവും ലഭ്യമല്ലെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.