വീടുകളില്‍ ഹീറ്റ് പ്രദാനം ചെയ്യുന്നതിനോടപ്പം അല്‍പം സമ്പാദ്യവും നല്‍കുന്ന ഉപകരണത്തിന്റെ കാലഘട്ടമാണ് ഇനി വരാന്‍ പോകുന്നത്. ഫ്രഞ്ച് ടെക് സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ് പുതിയ ക്രിപ്‌റ്റോ ഹീറ്റര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സികള്‍ മൈന്‍ ചെയ്യുന്നതിനോടപ്പം വീടുകളില്‍ ഹീറ്റ് നല്‍കാനും ക്വാര്‍നോട്ട് എന്നു പേരായ ഈ ഉപകരണത്തിന് സാധിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്വന്തം ചെലവുകള്‍ വഹിക്കാന്‍ പ്രാപ്തിയുള്ളതാണ് പുതിയ ഉപകരണം. ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഗ്രാഫിക് കാര്‍ഡുകളുടെ സഹായത്തോടെയാണ് ക്യൂസി-1 ഒരേ സമയം ഹീറ്റ് നല്‍കുകയും ക്രിപ്‌റ്റോ കറന്‍സി മൈനിംഗ് നടത്തുകയും ചെയ്യുന്നത്. ക്യൂസി-1 എല്‍ഇഡി ഉപയോഗിച്ചോ അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ആപ് ഉപയോഗിച്ചോ ക്രിപ്‌റ്റോ മാര്‍ക്കറ്റ് തല്‍സമയം നിരീക്ഷിക്കാന്‍ കഴിയുന്നതാണ്.

ക്രിപ്‌റ്റോകറന്‍സി സമ്പദ്‌വ്യവസ്ഥയിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് മൈനിംഗ്. സങ്കീര്‍ണമായ ഗണിത ശാസ്ത്രത്തിലെ പ്രശ്‌നങ്ങളെ പരിഹരിക്കുന്ന പ്രകൃയക്ക് സമാന രീതിയിലാണ് മൈനിംഗ് നടക്കുന്നത്. ഇത്തരം ഗണിത ശാസ്ത്രത്തിലെ കളികളില്‍ വിജയിക്കുമ്പോള്‍ നിങ്ങള്‍ക്ക് റിവാര്‍ഡ് കോയിനുകള്‍ ലഭിക്കുന്നു. ആ പ്രക്രിയ നടക്കുന്നതിന് ധാരാളം പ്രോസസിംഗ് പവര്‍ ആവശ്യമുണ്ട്. ഈ പ്രോസസിംഗ് പവറിന് ഹീറ്റ് ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരം കഴിവിനെ ഉപയോഗപ്പെടുത്തിയാണ് ക്വാര്‍നോട്ട് ഉപകരണം പ്രവര്‍ത്തിക്കുന്നത്. പ്രോസസിംഗ് പവര്‍ ഉത്പാദിപ്പിക്കുന്ന ഹീറ്റാണ് ക്വാര്‍നോട്ട് ഉപയോഗപ്പെടുത്തുന്നതെന്ന് സാരം. ഇതിന്റെ അനുബന്ധ പ്രവര്‍ത്തനമെന്ന രീതിയിലാണ് ക്രിപ്‌റ്റോ മൈനിംഗ് നടക്കുന്നത്.

ഫ്രഞ്ച് കമ്പനിയുടെ പാരിസ് ടീമിന്റെ 5 വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് കമ്പ്യൂട്ടിംഗ് ഹീറ്റര്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചെതെന്ന് നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സോഫ്റ്റും സൗകര്യപ്രദവമായ ഹീറ്റ് ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത് മരവും അലൂമിനിയവും ഉപയോഗിച്ചാണ്. പുതിയ ടെക്‌നോളജിയുടെ പുര്‍ണ ഉടമസ്ഥാവകാശം ഫ്രഞ്ച് കമ്പനിക്ക് അവകാശപ്പെട്ടതാണ്. ടെക്‌നോളജിയുടെ പേറ്റന്റുള്ള ഫ്രഞ്ച് സ്ഥാപനത്തിനല്ലാതെ മറ്റൊരാള്‍ക്കും ഇത് നിര്‍മ്മിക്കാനുള്ള അവകാശമില്ല. ക്രിപ്‌റ്റോ ഹീറ്റര്‍ എഥീരിയം ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഉപകരണമാണ്. പുതിയ ഉപകരണം ഉപയോഗപ്പെടുത്തി
ഏതാണ്ട് 90 പൗണ്ടോളം മാസം സമ്പാദിക്കാന്‍ കഴിയും. പക്ഷേ ഇത്രയും തുക തന്നെ വൈദ്യൂത ബില്ലിനായി ചെലവഴിക്കേണ്ടി വരുമെന്ന് മാത്രം.