‘ഉംപുണ്‍’ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഏതാണ്ട് 230 കിലോമീറ്റര്‍ ആണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇത് ബുധനാഴ്ചയോടുകൂടി ഇന്ത്യന്‍ തീരം തൊടും. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയില്‍ രക്ഷാദൗത്യത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. ”ഈ വര്‍ഷം കൊറോണവൈറസിന്റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തില്‍ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്” എന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ പ്രദീപ് ജെന അറിയിച്ചു.

പശ്ചിമബംഗാളിലും മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. അതേസമയം, കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.

ഇന്ന് 10 ജില്ലകളില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ ,എറണാകുളം ,തൃശ്ശൂര്‍ ,കോഴിക്കോട് ,പാലക്കാട് ,വയനാട് ,മലപ്പുറം ,കണ്ണൂര്‍ എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.