ലണ്ടന്‍: കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് അടിയന്തരമായി അധികാരം അനുവദിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രംഗത്ത്. . വര്‍ഷങ്ങളായി രാജ്യം അഭിമുഖീകരിക്കുന്ന കുടിയേറ്റ പ്രശ്‌നത്തില്‍ എന്തെങ്കിലും നീക്ക് പോക്കുണ്ടാക്കാതെ യൂണിയനുമായി ഒരു ധാരണയിലും ഒപ്പിടില്ലെന്ന കാര്യം ഇന്ന് രാത്രി യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡൊണാള്‍ഡ് ടസ്‌കുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കും. കുടിയേറ്റം നിയന്ത്രിക്കാനായി കഴിഞ്ഞാഴ്ച ബ്രസല്‍സ് മുന്നോട്ട് വച്ച എമര്‍ജന്‍സി ബ്രേക്ക് പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരമാകില്ലെന്ന കാര്യവും കാമറൂണ്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടും. പ്രശ്‌നത്തിന് തികച്ചും വ്യത്യസ്തമായ സുസ്ഥിര പരിഹാരമാണ് വേണ്ടതെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കും.
ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് വി്ട്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് എമര്‍ജന്‍സി ബ്രേക്ക് നടപ്പാക്കണമെന്ന ആവശ്യത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇത് നിയമമാകണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണ്. എന്നാല്‍ ബ്രിട്ടന്‍ യൂണിയന്‍ അംഗത്വം വിടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹിതപരിശോധന അടുത്ത വര്‍ഷമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുളളത്. അതേസമയം യൂണിയന്‍ തുടരാവുന്നിടത്തോളം തുടരാനാണ് കാമറൂണിന്റെ താത്പര്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ കാമറൂണിന്റെ ഈ നിലപാട് സംശയാസ്പദമാണൈന്ന് ഷാഡോ ആഭ്യന്തര സെക്രട്ടറി ആന്‍ഡി ബേണ്‍ഹാം ഒബ്‌സര്‍വറിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. സ്‌കോട്ടിഷ് ഹിതപരിശോധന പോലെ യൂണിയന്‍ ഹിതപരിശോധനയും ഒരു ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ബ്രെക്‌സിറ്റ് എന്നാല്‍ പിരിയല്‍ തന്നെയാണ്. യൂറോപ്പിന് മാത്രമല്ല ബ്രിട്ടനും. വിട്ടുപോകുന്നതിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷമെങ്കില്‍ സ്വതന്ത്ര സ്‌കോട്ട്‌ലന്റില്‍ സംഭവിച്ചത് പോലെ യൂണിനിലേക്ക് തിരികെ പ്രവേശിക്കാന്‍ വീണ്ടും ഒരു സ്വതന്ത്ര ഹിതപരിശോധനയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണവും ഉയരുന്നു.