തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിൽ വിശ്രമിക്കാനിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഗവ. ആയുർവേദ കോളേജിലെ ഒന്നാം വർഷ ബി.എ.എം.എസ്. വിദ്യാർഥികളായ അതിതോഷ് (21), പല്ലവി (21) എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. ബീമാപള്ളി സ്വദേശികളായ റയീസ് (31)യും സുഹൃത്ത് ഹസൻ (26)യും പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയതോടെ റിമാൻഡിലായി.
തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ കണ്ണാന്തുറ തീരത്തിനടുത്ത് നടന്ന സംഭവത്തിൽ, ബീച്ചിൽ വിശ്രമിച്ചിരുന്ന വിദ്യാർഥികളെ പ്രതികൾ ഭീഷണിപ്പെടുത്തുകയും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്യുകയും ചെയ്തു. യുവതിയുടെ ബാഗ് തട്ടിപ്പറിച്ച് പരിശോധിച്ച ശേഷം തിരികെ നൽകാതെ പോയതിനെ ചോദ്യം ചെയ്തതോടെ മുടിപിടിച്ച് വലിക്കുകയും അസഭ്യം പറയുകയും വസ്ത്രം വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ എത്തിയ യുവാവിനെയും ഇരുവരും ചേർന്ന് മർദിച്ചു.
ഭയന്നോടിയ വിദ്യാർഥികൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടിയതോടെ ശംഖുംമുഖം ഭാഗത്ത് പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കയ്യോടെ പിടികൂടി. സ്ത്രീത്വത്തെ അപമാനിച്ചതിനും മർദനത്തിനും പ്രതികൾക്കെതിരെ കേസെടുത്തതായി വലിയതുറ എസ്.എച്ച്.ഒ അറിയിച്ചു. സംഭവത്തിൽ വേഗത്തിലുള്ള പോലീസ് ഇടപെടൽ ശ്രദ്ധേയമായി.











Leave a Reply