ന്യൂഡൽ‌ഹി ∙ ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയർമാൻ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 ജീവനുകളെ. അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാ പ്രവർത്തനത്തിനിടെ കാലുകൾക്കു പരുക്കേറ്റ് ഡൽഹി ഫയർ സർവീസിലെ ഉദ്യോഗസ്ഥനായ ശുക്ലയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.

ഡൽ‌ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ൻ ആശുപത്രിയിലെത്തി രാജേഷ് ശുക്ലയെ കണ്ടു. ‘അദ്ദേഹമൊരു യഥാർഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയർമാനാണ് രാജേഷ് ശുക്ല. 11 ജീവനുകളെ രക്ഷിച്ചു. പരുക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിർവഹിച്ചു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു’– സത്യേന്ദ്ര ജെയ്ൻ ട്വീറ്റ് ചെയ്തു.

കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന 43 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 150 ഓളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്തു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 63 പേരെ കെട്ടിടത്തിൽനിന്നു രക്ഷിച്ചു. പരുക്കേറ്റവരിൽ രണ്ട് അഗ്നിശമന സേന ഉദ്യോഗസ്ഥരുമുണ്ട്. അപകടമുണ്ടായ കെട്ടിടത്തിന് അഗ്നിരക്ഷാസേന വിഭാഗത്തിൽനിന്നുള്ള എൻഒസി ഉണ്ടായിരുന്നില്ലെന്നാണു വിവരം. ഇടുങ്ങിയ പ്രദേശത്തുകൂടിയുള്ള രക്ഷാപ്രവർത്തനവും ഏറെ ദുഷ്കരമായി. ജനൽ ഗ്രില്ലുകൾ മുറിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനത്തിനായി ഉദ്യോഗസ്ഥർ കെട്ടിടത്തിലേക്കു പ്രവേശിച്ചത്.

കെട്ടിട ഉടമയ്ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കെട്ടിട ഉടമ റെഹാനെ കാണാനില്ലെന്നും ഇയാൾക്കെതിരെ ഐപിസി സെക്‌ഷൻ 304 പ്രകാരം കേസെടുത്തെന്നും പൊലീസ് അറിയിച്ചു. കേസ് ക്രൈം ബ്രാഞ്ചിനു വിട്ടിട്ടുണ്ട്.