ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരേയുള്ള കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ എന്‍ഐഎക്കു കൈമാറേണ്ട സാഹചര്യമില്ലെന്നു കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. വിഷയത്തില്‍ എന്‍ഐഎയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അഭിപ്രായങ്ങള്‍ കോടതി ആരാഞ്ഞില്ല.
കന്‍ഹയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപി എംഎല്‍എ ഒ.പി. ശര്‍മ്മയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും പൊലീസും വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും മര്‍ദിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭത്തിന് ശക്തിയേറിയിട്ടുണ്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവിനെയാണ് ഒ.പി. ശര്‍മ്മ മര്‍ദ്ദിച്ചത്.

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചാല്‍ ഇനിയും താന്‍ മര്‍ദ്ദിക്കുമെന്നും ശര്‍മ ഭീഷണി മുഴക്കി. കോടതിക്കുള്ളിലും പരിസരത്തും നടന്ന മര്‍ദ്ദനത്തില്‍ അന്വേഷണം വേണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.