ഭക്ഷ്യ വിഷബാധയെ തുടർന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല സോണി ബാക്ടീരിയ. ഇത് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാഥമിക റിപ്പോർട്ട് ആണ് ഇത്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നേ ലഭിക്കൂവെന്നു കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.

ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴും അവയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുള്ള എല്ലാവർക്കും സമാനമായ രോഗലക്ഷണങ്ങളായതിനാൽ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തൽ. അതേസമയം, ദേവനന്ദയുടെ മൃതദേഹം കരിവെള്ളൂർ എവി സ്മാരക ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം സംസ്‌കരിച്ചു. സംഭവത്തിൽ ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി.

കേസിൽ ഇതുവരെ മൂന്നു പേരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിഎം നാളെ റിപ്പോർട്ട് നൽകും. ഷവർമ കഴിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52 ആണ്.