ബ്രിട്ടീഷ് രാജകുമാരി ഡയാന ഓടിച്ചിരുന്ന ഫോഡ് എസ്കോർട്ട് കാർ ലേലത്തിൽ പോയത് 7,37,000 പൗണ്ടിന്.. 1985 മുതൽ 1988 വരെ ഡയാന ഓടിച്ച കാറാണിത്.

വടക്കൻ ഇംഗ്ലണ്ടിലെ ആൽഡേർലി എഡ്‌ജിലുള്ളയാളാണ് 40,000 കിലോമീറ്റർ മാത്രം ഓടിയിട്ടുള്ള ഈ ഫോഡ് എസ്കോർട്ട് ആർ.എസ്. ടർബോ എസ്1 കാർ വാങ്ങിയത്. ഡയാനയുടെ 25-ാം ചരമവാർഷികത്തിനുമുമ്പായി വാർവിക്‌ഷയറിലെ സിൽവർസ്റ്റോൺ ഓക്‌ഷൻസിലാണ് കാർ ലേലത്തിനുവെച്ചത്. ഫോഡ് കാറുകൾ ശേഖരിക്കുന്നയാളുടെ പക്കൽനിന്നു വാങ്ങിയായിരുന്നു ലേലം. മരിച്ച് കാൽനൂറ്റാണ്ടായിട്ടും ഡയാനയോടുള്ള ആളുകളുടെ ഇഷ്ടം മങ്ങാതെ നിൽക്കുന്നു എന്നാണ് വൻ തുകയ്ക്കുള്ള കാർലേലം വെളിപ്പെടുത്തുന്നത് എന്നാണ് വിലയിരുത്തൽ.

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ റോൾസ് റോയ്‌സ്, ഡെയിംലേഴ്‌സ് കാറുകളുപയോഗിക്കുമ്പോഴാണ് ഡയാന സ്വന്തമാവശ്യത്തിന് ഫോഡ് എസ്കോർട്ട് വാങ്ങിയത്. ഡയാനയുടെ താത്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണ് ഈ കാർ. ഈ മോഡലിലുള്ള ഏക കറുപ്പ് കാറും ഇതാണ്.

ഡയാനയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റൊരു ഫോഡ് എസ്കോർട്ട് കാർ മുമ്പ് 52,640 പൗണ്ടിനാണ് വിറ്റത്. ചാൾസ് രാജകുമാരൻ ഡയാനയ്ക്ക് വിവാഹസമ്മാനമായി നൽകിയ ഈ കാർ തെക്കെ അമേരിക്കയിലെ ഒരു മ്യൂസിയമാണ് വാങ്ങിയതെന്നു പറയുന്നു. 1997 ഓഗസ്റ്റ് 31-ന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ കാറപകടത്തിലാണ് മുപ്പത്തിയാറുകാരിയായ ഡയാന മരിച്ചത്.