48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിനുകള്‍ തടയുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട നാലുട്രെയിനുകള്‍ തടഞ്ഞു. ചെന്നൈ മെയില്‍ എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ തടഞ്ഞിട്ടു. കോഴിക്കോട്ടും അല്‍പസമയത്തിനകം ട്രെയിനുകള്‍ തടയാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ നീക്കം. രാവിലെ അഞ്ചുമണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസാണ് ആദ്യം ത‍ടഞ്ഞത്. പിന്നീട് ജനശതാബ്ദി, രപ്തിസാഗര്‍ എക്സ്പ്രസ് ട്രെയിനുകളും തടഞ്ഞു.

വേണാടും ജനശതാബ്ദിയും ഒന്നരമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. രപ്തിസാഗര്‍ മുക്കാല്‍ മണിക്കൂര്‍ വൈകി. പണിമുടക്കിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നില്ല. കൊച്ചി തുറമുഖത്തെ പണിമുടക്കില്‍ നിന്നൊഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു.

പണിമുടക്കില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് തൊഴിലാളി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉറപ്പ് നല്കിയിരുന്നു. ബി.എം.എസ് ഒഴികെയുള്ള സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാലുമാസം മുമ്പ് സമരം പ്രഖ്യാപിച്ചത്.