വെള്ളിയാഴ്ച പാകിസ്ഥാനിൽ ശ്രീലങ്കൻ പൗരനായ ഫാക്ടറി മാനേജരെ ജനക്കൂട്ടം തല്ലിക്കൊന്നു, തീകൊളുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. “പാകിസ്ഥാന് നാണക്കേടിന്റെ ദിനം” എന്ന് സംഭവത്തെ വിശേഷിപ്പിച്ച ഇമ്രാൻ ഖാൻ, ഭീകരമായ ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് താൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്നും പറഞ്ഞു. മതനിന്ദ ആരോപിച്ചാണ് ആൾക്കൂട്ട കൊലപാതകം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

“ഒരു തെറ്റും ഉണ്ടാകാതിരിക്കട്ടെ, ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്റെ മുഴുവൻ കാഠിന്യത്തിലും ശിക്ഷിക്കും,” ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.

പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 200 കിലോമീറ്റർ തെക്കുകിഴക്കായി സിയാൽകോട്ടിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ഭയാനകമായ നിരവധി വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടം ഇരയെ മർദ്ദിക്കുന്നതും മതനിന്ദയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം. മറ്റ് ക്ലിപ്പുകളിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരം കത്തിച്ചതും അദ്ദേഹത്തിന്റെ കാർ മറിഞ്ഞു കിടക്കുന്നതും കാണാം. ആൾക്കൂട്ടത്തിൽ പലരും തങ്ങളുടെ ഐഡന്റിറ്റി മറയ്ക്കാൻ ശ്രമിക്കുന്നില്ല, മാത്രമല്ല ചിലർ കത്തുന്ന മൃതദേഹത്തിന് മുന്നിൽ സെൽഫിയും എടുക്കുന്നത് വീഡിയോയിൽ കാണാം.

സംഭവത്തിൽ ഇതിനകം 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ വക്താവ് ഹസൻ ഖവാർ ലാഹോറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം ലഭിച്ചതിനാൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

മതനിന്ദ വിരുദ്ധ പാർട്ടിയായ തെഹ്‌രീകെ-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) ഉപയോഗിക്കാറുള്ള മുദ്രാവാക്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ കേൾക്കുന്നത്. പാരീസ് ആസ്ഥാനമായുള്ള ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്‌ദോ കഴിഞ്ഞ വർഷം മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചതിന് ശേഷം ഫ്രാൻസ് വിരുദ്ധ പ്രചാരണം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളാൽ TLP മുമ്പ് രാജ്യത്തെ സ്തംഭിപ്പിച്ചിരുന്നു.