ന്യൂസ് ഡെസ്ക് മലയാളം യുകെ

ആർഎം റ്റി യൂണിയനിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. തുടർച്ചയായ രണ്ടാം ശനിയാഴ്ചയാണ് 20000 റെയിൽവേ ജീവനക്കാർ പണിമുടക്കുന്നത്. ശമ്പളം, ജോലി, തൊഴിൽ സാഹചര്യങ്ങൾ എന്നീ കാര്യങ്ങളിൽ തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാതെ മുന്നോട്ടുപോവുകയാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി സർക്കാരിൻറെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് തങ്ങൾ എന്ന് ആർഎം റ്റി യൂണിയൻ പറഞ്ഞു. എന്നാൽ നിലവിൽ മുന്നോട്ട് അംഗീകരിച്ചിരിക്കുന്ന ശമ്പള ഓഫർ ജീവനക്കാർ അംഗീകരിക്കണമെന്നാണ് സർക്കാർ നിലപാട്.


തുടർച്ചയായ റെയിൽവേ ജീവനക്കാരുടെ പണിമുടക്കുകൾ വലിയതോതിൽ ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. സ്കൂളുകൾക്ക് 6 ആഴ്ചത്തെ വേനൽ അവധി ആയതിനാൽ അവധിക്കാല യാത്ര പദ്ധതിയിട്ടിരുന്ന ഒട്ടേറെ പേരെ റെയിൽവേ പണിമുടക്കുകൾ ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ലണ്ടനിലെ ഓവലിൽ നടന്ന 5-ാം ആഷസ് ടെസ്റ്റ് പരമ്പര കാണാൻ തയ്യാറെടുത്ത ഒട്ടേറെ ക്രിക്കറ്റ് പ്രേമികളെ സമരം പ്രതികൂലമായി ബാധിച്ചു. ജൂലൈ 27 -ാം തീയതി വ്യാഴാഴ്ച മുതൽ ജൂലൈ 31 തിങ്കളാഴ്ച വരെയാണ് ആഷസ് ടെസ്റ്റ് നടക്കുന്നത്.

ഇന്നലെ ശനിയാഴ്ച നടന്ന ആർഎം റ്റി യൂണിയൻറെ സമരം അവർ പ്രഖ്യാപിച്ചിരുന്ന സമരപരമ്പരകളിലെ അവസാനത്തേതായിരുന്നു. ആർഎം റ്റി യൂണിയൻ ഇനി സമരം നടത്തുന്നതിന് കുറഞ്ഞത് 14 ദിവസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. സമരങ്ങൾ എന്ന് അവസാനിക്കും എന്ന ചോദ്യത്തിന് ഒന്നും അറിയില്ലെന്നും ചർച്ചകൾക്ക് മുതിരാത്ത ഒരു സർക്കാരാണ് നമ്മൾക്ക് ഉള്ളതെന്നും ആർഎം റ്റി യൂണിയൻ ജനറൽ സെക്രട്ടറി മിക്ക് ലിങ്ങ് പറഞ്ഞു. 4 വർഷമായി തൊഴിലാളികൾക്ക് വേതന വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ അതിലും പ്രധാനപ്പെട്ട വിഷയം ജോലി വെട്ടിക്കുറയ്ക്കൽ മൂലമുള്ള പ്രശ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 2300 യൂണിയൻ അംഗങ്ങൾ ഈ ജോലി ഉപേക്ഷിച്ച് കേറ്ററിംഗ് , എൻജിനീയറിങ് തുടങ്ങിയ മേഖലകളിലേയ്ക്ക് മാറാൻ പദ്ധതിയിടുന്നതായിട്ടാണ് യൂണിയൻ പറയുന്നത്.