ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യകാലത്തിന്റെ പാരമ്യതയിൽ യുകെ മലയാളികളെ തേടി അടുത്ത ഇരുട്ടടി എത്തി. അടുത്തവർഷം ജനുവരിയിൽ ഊർജ്ജ വില ഉയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാധാരണ വാർഷിക ഗാർഹിക ബിൽ 1834 പൗണ്ടിൽ നിന്ന് 1928 പൗണ്ട് ആയി ഉയരും. ഒരു ബില്ലിൽ 5% വർദ്ധനവ് ആണ് ഉണ്ടാകുന്നത്.

പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവു മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഊർജ്ജ ബില്ലിലെ വർദ്ധനവ് കടുത്ത ദുരിതം സമ്മാനിക്കുമെന്നത് ഉറപ്പാണ്. വിതരണക്കാർക്ക് ലഭിക്കുന്ന മൊത്ത വിലയിൽ ഉള്ള വർദ്ധനവിന് ആനുപാതികമായാണ് വില ഉയരുന്നതെന്നാണ് വർദ്ധനവിനെ കുറിച്ച് എനർജി റെഗുലേറ്റർ പറഞ്ഞത്. മാർച്ചിൽ വില കുറയാനുള്ള സാധ്യതയും ഉണ്ട് . ചാൻസിലർ ജെറമി ഹണ്ട് ജനങ്ങളെ സഹായിക്കാനായി നികുതിയിളവും മറ്റാനുകൂല്യങ്ങളും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഊർജ ബില്ല് വർധിപ്പിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത് .

ഊർജ ബില്ലിലെ വർദ്ധനവ് ഇംഗ്ലണ്ട്, വെയിൽസ് , സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ ഏകദേശം 29 ദശലക്ഷം കുടുംബങ്ങളെ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എനർജി ബിൽ സംബന്ധിച്ച് വടക്കൻ അയർലൻഡിലെ നിയമങ്ങൾ വ്യത്യസ്തമാണ്. എനർജി ബിൽ വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്ന് ഉയർന്നു വന്നിരിക്കുന്നത്. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടു വർഷത്തിലെ ഊർജ്ജ ബില്ലുകൾ ഇരട്ടിയോളമായിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തും ഊർജ വില ഉയർന്നതായിരുന്നു. എന്നാൽ 6 മാസകാലയളവിൽ 400 പൗണ്ട് പിന്തുണയോളം സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിച്ചത് ജനങ്ങൾക്ക് വളരെ ആശ്വാസമായിരുന്നു. ഊർജ്ജ ബില്ലുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഇപ്രാവശ്യം ഗവൺമെന്റിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പിന്തുണ നൽകുമോ എന്ന ചോദ്യത്തോട് ചാൻസിലർ ജെറമി ഹണ്ട് പ്രതികരിച്ചില്ല.