ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : വെംബ്ലിയിലെ പുൽമൈതാനത്ത് പെയ്ത മഴയിൽ സ് കോട്ട് ലൻഡിന് മുന്നിൽ ഇംഗ്ലണ്ടിന്റെ പോരാട്ടാവീര്യം അലിഞ്ഞില്ലാതെയായി. ഇംഗ്ലണ്ട് – സ് കോട്ട് ലൻഡ് പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഇംഗ്ലണ്ട് മുന്നേറ്റങ്ങളുടെ മുനയൊടിച്ച സ് കോട്ട് ലൻഡ് പ്രീ ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. വെംബ്ലിയിലെ സ്റ്റേഡിയത്തിൽ 1996ന് ശേഷം ഇതാദ്യമായാണ് അയൽക്കാർ തമ്മിൽ ഒരു പ്രധാന ടൂർണമെന്റിൽ പരസ്പരം ഏറ്റുമുട്ടുന്നത്. ക്രോയേഷ്യയുമായുള്ള ഒരു ഗോൾ വിജയത്തിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊണ്ടെത്തിയ ഇംഗ്ലണ്ടിനെ അല്ല ഇന്നലെ കാണാൻ സാധിച്ചത്. കളിയുടെ തുടക്കം മുതൽ തന്നെ മധ്യനിരയിലെ പോരായ്മ വ്യക്തമായിരുന്നു. ലൂക്ക്‌ ഷോ, സ്റ്റെർലിംഗ്, മേസൺ മൗണ്ട് എന്നിവർ മാത്രമാണ് ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനായി ഉണർന്നുകളിച്ചത്. സ് കോട്ട് ലൻഡ് ആവട്ടെ അതിവേഗ മുന്നേറ്റങ്ങളിലൂടെ ഇംഗ്ലണ്ടിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. മുപ്പതാം മിനിറ്റിൽ സ് കോട്ട് ലൻഡ് താരം സ്റ്റീഫൻ അഡോനൽ സെക്കന്റ്‌ പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഉഗ്രൻ ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോർഡ് ഗംഭീരമായി തടുത്തിട്ടു.

രണ്ടാം പകുതിയുടെ തുടക്കം മുതൽ അതിവേഗമുള്ള മുന്നേറ്റങ്ങളിലൂടെ ഇംഗ്ലണ്ട് ഉണർന്നു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. നാല്പത്തിയെട്ടാം മിനിറ്റിൽ മേസൺ മൗണ്ടിന്റെ ബുള്ളറ്റ് ഷോട്ട് തട്ടിയകറ്റി സ് കോട്ട് ലൻഡ് ഗോളി രക്ഷകനായി. പിന്നാലെ മികച്ച ഗോൾലൈൻ സേവിലൂടെ പ്രതിരോധ താരം റീസേ ജെയിംസ് ഇംഗ്ലണ്ടിന്റെ കോട്ട കാത്തു. ഇംഗ്ലണ്ട് മുന്നേറ്റനിര താരം ഹാരി കെയ്‌ന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പകരമെത്തിയ റാഷ്‌ഫോഡ്, ഗ്രീലിഷ് എന്നിവർക്കും ഗോൾ നേടാൻ കഴിയാതെ പോയതോടെ മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ കളിയിൽ ചെക്ക് റിപ്പബ്ലിക്കിനോട് തോൽവി വഴങ്ങിയെങ്കിലും ഈ കളിയിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചതോടെ സ് കോട്ടിഷ് വീര്യം വർധിച്ചിരിക്കുകയാണ്.

ഇത് നിരാശാജനകമായ രാത്രിയാണെന്നും ഇതിലും മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് കഴിയുമായിരുന്നെന്നും ഇംഗ്ലീഷ് പരിശീലകൻ ഗ്യാരത് സൗത്ത്ഗേറ്റ് പറഞ്ഞു. ഞങ്ങൾക്ക് ആവശ്യം വിജയമായിരുനെന്നും എന്നാൽ അതിന് കഴിയാതെ പോയെന്നും ഹാരി കെയ്ൻ അഭിപ്രായപ്പെട്ടു. സ് കോട്ട് ലൻഡ് പ്രതിരോധ നിരയുടെ മികച്ച പ്രകടനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തെന്നും കൂടുതൽ ഗോളവസരങ്ങൾ ഒരുക്കാൻ സാധിച്ചത് സന്തോഷമുള്ള കാര്യമാണെന്നും സ് കോട്ടിഷ് പരിശീലകൻ സ്റ്റീവ് ക്ലാർക്ക് പറഞ്ഞു. 2007ൽ പുതിയ വെംബ്ലി സ്റ്റേഡിയം തുറന്ന ശേഷം ഇംഗ്ലണ്ട് ഗോൾരഹിത സമനിലയിൽ പിരിയുന്ന രണ്ടാമത്തെ മത്സരമാണിത്. 2010 ഒക്ടോബറിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിൽ മോന്റെനെഗ്രോയ്ക്കെതിരെ ആയിരുന്നു അവസാന ഗോൾരഹിത സമനില. ഗ്രൂപ്പിലെ അവസാന മത്സരം ഏതുവിധേനയും വിജയിച്ച് പ്രീക്വാർട്ടറിൽ പ്രവേശിക്കാനാണ് ഇരുകൂട്ടരും ഇനി ശ്രമിക്കുക.