നോക്കൗട്ട്​ സാധ്യതകൾക്കരികെ കിക്കോഫ്​ മുഴങ്ങിയ നിർണായക പോരാട്ടങ്ങളിൽ ജയംപിടിച്ച്​ കരുത്തരായ ഇംഗ്ലണ്ടും ലോകകപ്പ്​ ഫൈനലിസ്​റ്റുകളായ ക്രൊയേഷ്യയും പ്രീ ക്വാർട്ടറിൽ. ചെക്​ റിപ്പബ്ലിക്​ ഉയർത്തിയ വെല്ലുവിളി റഹീം സ്​റ്റെർലിങ്​ നേടിയ ഗോളിലൂടെ മറികടന്ന ഇംഗ്ലണ്ട്​ ഗ്രൂപ്​ ​ഡി ചാമ്പ്യൻമാരായതോടെ നോക്കൗട്ടിൽ മരണഗ്രൂപിൽനിന്ന്​ ഫ്രാൻസ്​, ജർമനി, പോർച്ചുഗൽ, ഹംഗറി എന്നിവയിൽ ഒരാളെയാകും നേരിടുക. സ്വന്തം കളിമുറ്റമായ വെംബ്ലിയിൽ കാണികളുടെ ആർപുവിളികൾക്കു നടുവിലായതിനാൽ അടുത്ത ഘട്ടത്തിലേക്ക്​ കടക്കൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ്​ പരിശീലകൻ സൗത്​ഗേറ്റ്​. ഗ്രൂപ്​ എഫിലെ അവസാന പോരാട്ടങ്ങളിൽ ജർമനി ഹംഗറിക്കെതിരെയും പോർച്ചുഗൽ ഫ്രാൻസിനെതിരെയും ഇന്ന്​ കളിക്കുന്നതിനാൽ ഇംഗ്ലണ്ടി​െൻറ എതിരാളികളെയും അതുകഴിഞ്ഞ്​ അറിയാം.

തുടക്കം മുതലേ ആധിപത്യം നിലനിർത്തിയ ഇംഗ്ലീഷ്​ പടക്ക്​ 12ാം മിനിറ്റിലാണ്​ സ്​റ്റെർലിങ്​​ ലീഡും ജയവും സമ്മാനിച്ചത്​. ക്രൊയേഷ്യക്കെതിരെ വിജയ ഗോൾ കുറിച്ച സ്​റ്റെർലിങ്ങിന്​ ടൂർണമെൻറിലെ രണ്ടാം ഗോൾ. ​

യൂറോകപ്പ്​ ഇത്തവണ 24 ടീമാക്കിയതോടെ രണ്ട്​ പതിറ്റാണ്ടിനു ശേഷം സാധ്യതകളുടെ വഴി തുറന്നതായിരുന്നു സ്​കോട്​ലൻഡിന്​. ജയിച്ചാൽ പ്രീ ക്വാർട്ടർ എന്ന വലിയ നേട്ടം പക്ഷേ, മോഡ്രിച്ച്​ നയിച്ച ക്രോട്ടുകൾക്ക്​ മുന്നിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്​ ടീം വീണുടഞ്ഞു. ആദ്യം ചെക്കുകൾക്കെതിരെയും അതുകഴിഞ്ഞ്​ നാട്ടുകാരായ ഇംഗ്ലീഷ്​ പട്ടാളത്തിനെതിരെയും കിടിലൻ പ്രകടനവുമായി മൈതാനം നിറഞ്ഞ്​ കൈയടി നേടിയ സ്​കോട്ടുകൾക്ക്​ പക്ഷേ, ഇത്തവണ അവസരങ്ങൾ കുറഞ്ഞു. കളി പൂർണമായി നിയന്ത്രിച്ച്​ ക്രൊയേഷ്യ പിടിച്ചത്​ ആധികാരിക ജയം.

17ാം മിനിറ്റിൽ നികൊള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ തന്നെയാണ്​ ഗോൾ വേട്ട തുടങ്ങിയത്​. ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ മക്​ഗ്രിഗർ സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ ലൂക ​േ​മാഡ്രിചും ഇവാൻ പെരിസിച്ചും ചേർന്ന്​ ക്രൊയേഷ്യൻ വിജയം അനായാസമാക്കി.