മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന് അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റം. മന്ത്രി ഇപി ജയരാജന്‍ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അര്‍ഹിക്കുന്ന അംഗീകാരമാണെന്ന് മന്ത്രി പ്രതികരിച്ചു. ഫുട്ബോള്‍ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ആംഡ് പോലീസ് ഇന്‍സ്പെക്ടറായിരുന്ന ഐഎം വിജയന് സ്ഥാനക്കയറ്റം നല്‍കിയത്.

ലോകമെങ്ങുമുള്ള മലയാളികളോട്, ഏറ്റവും പ്രിയപ്പെട്ട മലയാളി ആരെന്ന് ചോദിച്ചാല്‍ അക്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടാകും ഐഎം വിജയന്‍ എന്ന പന്തു കളിക്കാരന്‍. കാല്‍പ്പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് ഉയരങ്ങളില്‍ എത്തിയപ്പോഴും ഒരു സാധാരണ തൃശൂരുകാരനായി നില്‍ക്കാന്‍ കഴിയുന്നതാണ് വിജയന്റെ ഏറ്റവും വലിയ പ്രത്യേകത. രജനീകാന്ത്, വിജയ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ച് താരപദവിയില്‍ എത്തിയപ്പോഴും ആ മാന്ത്രികക്കാലുകള്‍ നിലത്തു തന്നെ നിന്നു. മലയാളികള്‍ ആ മനുഷ്യനെ ഇത്രയേറെ സ്നേഹിക്കുന്നതും അദ്ദേഹത്തിന്റെ എളിമയുടെ പേരിലാണ് എന്നു തോന്നിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അര്‍ഹിക്കുന്ന അംഗീകാരമാണ് വിജയനെ തേടിയെത്തിയത്. മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് തുടങ്ങുന്ന കേരളാ പോാലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ ഡയറക്ടറായി ഐഎം വിജയനെ നിയമിച്ചുള്ള ഉത്തരവിറങ്ങിയ വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണ്. ഒപ്പം അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റവും ലഭിച്ചു. കായികതാരങ്ങളെ അംഗീകരിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് എന്നും ഒരുപടി മുന്നില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ലോകമെങ്ങുമുള്ള മലയാളികളോട്, ഏറ്റവും പ്രിയപ്പെട്ട മലയാളി ആരെന്ന് ചോദിച്ചാല്‍ അക്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടാകും ഐ.എം.വിജയന്‍ എന്ന പന്തു കളിക്കാരന്‍. കാല്‍പ്പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് ഉയരങ്ങളില്‍ എത്തിയപ്പോഴും ഒരു സാധാരണ തൃശൂരുകാരനായി നില്‍ക്കാന്‍ കഴിയുന്നതാണ് വിജയന്റെ ഏറ്റവും വലിയ പ്രത്യേകത. രജനീകാന്ത്, വിജയ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ച് താരപദവിയില്‍ എത്തിയപ്പോഴും ആ മാന്ത്രികക്കാലുകള്‍ നിലത്തു തന്നെ നിന്നു. മലയാളികള്‍ ആ മനുഷ്യനെ ഇത്രയേറെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ എളിമയുടെ പേരിലാണ് എന്നു തോന്നിയിട്ടുണ്ട്.
അര്‍ഹിക്കുന്ന അംഗീകാരമാണ് വിജയനെ തേടിയെത്തിയത്. മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് തുടങ്ങുന്ന കേരളാ പൊലീസ് ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടറായി ഐ.എം.വിജയനെ നിയമിച്ചുള്ള ഉത്തരവിറങ്ങിയ വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണ്. ഒപ്പം അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റവും ലഭിച്ചു. കായികതാരങ്ങളെ അംഗീകരിക്കാന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് എന്നും ഒരുപടി മുന്നില്‍ തന്നെയാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിജയനെ അടുത്തറിയാം. പല ചടങ്ങുകളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അംഗം എന്ന നിലയിലും അടുത്തിടപഴകി. എന്നും ഒരു മുതിര്‍ന്ന സഹോദരനെ പോലെ കണ്ടാണ് വിജയന്‍ പെരുമാറിയിട്ടുള്ളത്. ആ സ്‌നേഹം തിരിച്ചുകൊടുക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.
ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്നു കേരളാ പൊലീസ് ഫുട്‌ബോള്‍ ടീം. അന്നത്തെ ഇന്ത്യന്‍ ടീമില്‍ പൊലീസ് ടീമില്‍ നിന്ന് അഞ്ചോളം പേര്‍ കളിച്ചിരുന്നത് തന്നെ അതിനുള്ള ഏറ്റവും വലിയ തെളിവാണ്. പൊലീസ് ടീമിന്റെ പ്രതാപം വീണ്ടെടുക്കുകയും, മികച്ച പരിശീലന സൗകര്യം ഒരുക്കുകയുമാണ് പൊലീസ് ഫുട്‌ബോള്‍ അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ തലപ്പത്തിരിക്കാന്‍ വിജയനെ പോലെ അര്‍ഹത മറ്റാര്‍ക്കുമില്ല. പുതിയ കളിക്കാര്‍ക്ക് വിജയനില്‍നിന്ന് ഏറെ പഠിക്കാനാകും. അക്കാദമിയെ ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.’