നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ സത്യമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഈ തെളിവുകൾ ജുഡീഷ്യറിക്ക് നിരാകരിക്കാൻ സാധിക്കില്ലെന്നും കേസിൽ പുനരന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ആ കുടുംബവും ദിലീപുമായി അത്രയും അടുത്ത ബന്ധം ബാലചന്ദ്രകുമാറിനുണ്ട്. അഭയ കേസിൽ അടയ്ക്കാ രാജു എന്നൊരാൾ വന്നത് പോലെയാണ് ഈ കേസിൽ ഇപ്പോൾ ബാലചന്ദ്ര കുമാർ വന്നത്. ഇത്രയും വൃത്തികെട്ട ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ 200 ശതമാനം ശിക്ഷ ലഭിക്കും.

ജയിൽ ഇടിഞ്ഞാൽ പോലും ദിലീപ് പുറത്ത് വരാത്ത അത്ര ശക്തമായ തെളിവുകളാണ് ഇതിലുള്ളത്. ആ തെളിവുകൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരിക്കുന്നത്. ബാലചന്ദ്ര കുമാറിനെ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർ പോലും അറിയുന്നത് ഇപ്പോഴാണ്. ഈ ഓഡിയോകൾ വ്യാജമാണോയെന്ന് പരിശോധിക്കട്ടെ. അത് വ്യാജമാണെങ്കിൽ താങ്കളുടെ ടീവിയിലൂടെ സാഷ്ടാഗം മാപ്പ് ചോദിക്കാൻ ഞാൻ തയ്യാറാണെന്നും ബൈജുകൊട്ടാരക്കര റിപ്പോർട്ടർ ടീവിയോടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലും ഇപ്പോൾ ആ തെളിവുകളുണ്ട്. അതിനാൽ തന്നെ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയ്ക്കും ഉത്തരവാദിത്തമുണ്ട്. വിചാരണ ചെയ്ത ആന്റോ ജോസഫ് ഉൾപ്പടേയുള്ള ഏഴ് ആളുകളെ വീണ്ടും വിചാരണ ചെയ്യണം. അതുപോലെ പ്രതികൾ ആരെയെല്ലാം വിളിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കിയപ്പോൾ അത് പറ്റില്ല എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പറ്റില്ല.

കോടതി തെളിവുകൾ സ്വീകരിക്കണ്ടേ, സാക്ഷികളെ വിസ്തരിക്കണ്ടേ. സമയമില്ലെങ്കിൽ കോടതിയിൽ പോയി വീണ്ടും സമയം വാങ്ങിക്കണം. അഭയ കേസ് എത്ര വർഷങ്ങൾ നീണ്ടു പോയി. അവസാനം അടയ്ക്കാ രാജു വന്നപ്പോഴല്ലെ വിധി വന്നത്. അതുപോലെ ഒരു വിധി ഈ കേസിലും ഉണ്ടാവും. ബാലചന്ദ്രൻ പോയാൽ മൂന്നോ നാലോ ബാചചന്ദ്രൻമാർ വേറെ വരുമെന്നും റിപ്പോർട്ടർ ചാനലിൽ സംവിധായകൻ ബൈജുകൊട്ടാരക്കര പറയുന്നു.

സാഗർ എന്ന് പറയുന്ന ലക്ഷ്യയിൽ ജോലി ചെയ്യുന്നയാൾ അഞ്ച് ലക്ഷം രൂപയോളം വാങ്ങി കൂറുമാറിയെന്ന വ്യക്തമായ ഒഡിയോ സന്ദേശമുള്ളപ്പോഴും, അയാൾ ഫിലിപ്പ് എന്ന വക്കീലിനെ കാണാൻ പോയെന്ന് ദിലീപിന്റെ വായിൽ നിന്ന് തന്നെയും വരുമ്പോൾ, അനിയനുമായി ചെറിയ വാക്ക് തർക്കം ഉണ്ടായപ്പോൾ എനിക്ക് വേണ്ടിയല്ല വേറെ ഒരു പെണ്ണിന് വേണ്ടിയാണെന്നൊക്കെ പറയുന്ന ദിലീപിനെ കണ്ടു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത് സത്യം തന്നെയാണെന്നാണ് എന്റെ വിശ്വാസം.- ബൈജു കൊട്ടാരക്കര പറയുന്നു.

ഈ കേസിൽ പുതുതായി കക്ഷിചേരാൻ നൂറ് കണക്കിന് ആളുകളുണ്ടെന്ന കാര്യ ഉറപ്പാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ബാലചന്ദ്രകുമാർ മാത്രമല്ല, ഇക്കാര്യത്തിൽ വ്യക്തമായ കാര്യങ്ങൾ അറിയാവുന്ന ചിലർ കൂടി പുറത്ത് വരാനുണ്ട്. കുറേ ആളുകളെ പേടിപ്പിച്ചും പണം കൊടുത്തുമൊക്കെ ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു. കുറേ ആളുകളെ പ്രലോഭനങ്ങളിലും നിർത്തി. ഈ കേസിൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കും, പണം കൊടാക്കാനുള്ള ശ്രമം ഉണ്ടാവും എന്നൊക്കെ തുടക്കം മുതൽ എന്നേപ്പോലുള്ളവർ പറയുന്നുണ്ട്.- ബൈജു കൊട്ടാരക്കരയുടെ പ്രതികരണമിങ്ങനെ.