മലപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം വീണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. കുഴിബോംബുകളും നാനൂറിലധികം വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ഇവ വെള്ളത്തിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വന്‍ നശീകരണ ശേഷിയുള്ള കുഴിബോംബുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിലിലാണ് കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

സൈന്യം ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തിന്റെ ഒരു വിഭാഗം മുംബൈയിലാണ് ഇപ്പോളുള്ളത്. പാലത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും തൂണുകള്‍ക്കിടയില്‍ നിന്നാണ് അഞ്ച് കുഴി ബോംബുകള്‍ നേരത്തേ കണ്ടെത്തിയത്.

റിമോട്ട് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലുള്ള കുഴിബോംബുകളായിരുന്നു ഇവ. പിന്നീട് മലപ്പുറം എആര്‍ ക്യാമ്പിലേക്ക് ഇവ മാറ്റി. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് സൂചനയുള്ളതിനാല്‍ മധുക്കരൈയിലെ സൈനിക ക്യാമ്പിലും വിവരം അറിയിച്ചിട്ടുണ്ട്.