ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോക്ക് ഡൗണിനു ശേഷവും ഇംഗ്ലണ്ടിൽ ജനറൽ പ്രാക്ടീഷണറുമായുള്ള മുഖാമുഖ കൺസൾട്ടേഷനുകൾ വർദ്ധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോക്ക് ഡൗണിനു ശേഷമുള്ള ആദ്യ മാസമായ ഓഗസ്റ്റിൽ വെറും 58 ശതമാനം രോഗികൾ മാത്രമാണ് ഡോക്ടറുമായി മുഖാമുഖ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഇത് ലോക്ക് ഡൗൺ കാലമായ ജനുവരി മാസത്തിലെ കണക്കായ 54 ശതമാനത്തോട് വളരെ അടുത്തു നിൽക്കുന്നു. എന്നാൽ കൊറോണക്കാലത്തിനു മുൻപ് 80 ശതമാനം രോഗികളും മുഖാമുഖ കൺസൾട്ടേഷനുകൾ നടത്തിയിരുന്നു. ചിലയിടങ്ങളിൽ കണക്കുകൾ 50 ശതമാനത്തിനു താഴെയും എത്തുന്നുണ്ട്. എന്നാൽ ആവശ്യക്കാരുടെ വർധനവും, സ്റ്റാഫുകളുടെ കുറവുമെല്ലാം കൂടുതൽ രോഗികളെ മുഖാമുഖം കാണുന്നതിനു തടസ്സമായിട്ടുണ്ടെന്ന് ജനറൽ പ്രാക്ടീഷണർ ഡോക്ടർമാർ വ്യക്തമാക്കി.

ഇത്തരത്തിൽ ജനറൽ പ്രാക്ടീഷണറുമായുള്ള കൺസൾട്ടേഷനുകൾ നടക്കാത്തത് മൂലമാണ് ആശുപത്രികളിലെ എമർജൻസി വിഭാഗത്തിലും കാഷ്വാലിറ്റിയിലും തിരക്ക് കൂടുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജനങ്ങൾ എല്ലാവരും തന്നെ ജി പി യുമായുള്ള കൂടി കാഴ്ചകൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം എൻഎച്ച്എസ് ഇംഗ്ലണ്ടും മന്ത്രിമാരും ഒരുപോലെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജനറൽ പ്രാക്ടീഷണറുമാരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പരിശ്രമങ്ങൾക്ക് ശേഷവും, കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ഏഴു ശതമാനത്തോളം ഡോക്ടർമാരുടെ കുറവ് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുമൂലം ആശുപത്രികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

ജനറൽ പ്രാക്ടീഷണറുമാരുടെ സേവനങ്ങളിൽ തൃപ്തി ഉണ്ടെന്നും, എന്നാൽ അവർ കൂടുതൽ മുഖാമുഖ കൺസൾട്ടേഷനുകൾ നൽകുവാൻ തയ്യാറാകണമെന്നും ഡിപ്പാർട്ട്മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് ആവശ്യപ്പെട്ടു.