ലണ്ടന്‍: ജീവനക്കാരുടെ അപര്യാപ്തത കാരണം എന്‍.എച്ച്.എസ് രോഗികള്‍ക്ക് വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. മിറര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടോറികള്‍ അധികാരത്തിലെത്തിയതിന് ശേഷം ഏതാണ്ട് 120 മില്യണ്‍ പൗണ്ടാണ് നഷ്ടപരിഹാര തുകയായി നല്‍കേണ്ടി വന്നിരിക്കുന്നത്. മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വലിയ തുകയാണിത്. കൃത്യമായ പരിചരണം ലഭിക്കാതെ വരുന്നതോടെയാണ് രോഗികള്‍ നഷ്ടപരിഹാരത്തിനായി പരാതി നല്‍കുന്നത്. അത്യാവശ്യം വേണ്ട ജീവനക്കാരില്ലാത്തതിനാലാണ് പരിചരണം ഉറപ്പുവരുത്താന്‍ എന്‍.എച്ച്.എസ് ട്രസ്റ്റുകള്‍ക്ക് കഴിയാതെ വരുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പോലും കൃത്യമായ പരിചരണം നല്‍കാന്‍ ആശുപത്രികള്‍ക്ക് കഴിയുന്നില്ല.

ജീവനക്കാരുടെ അപര്യാപ്തത മൂലം നിലവിലെ തൊഴിലാളികള്‍ക്ക് അമിതജോലിഭാരം ഉണ്ടാകുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കൂടാതെ മിക്ക നഴ്‌സിംഗ് ജീവനക്കാരും അധിക സമയം ജോലി ചെയ്യുന്നത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ടോറികള്‍ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 120 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വന്നുവെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമേഖയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യമേഖല ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങളും നിര്‍വ്വഹിക്കാന്‍ പറ്റാത്തവിധം കാര്യങ്ങള്‍ മാറുമെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

അശ്രദ്ധമൂലം രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കായി എന്‍.എച്ച്.എസ് നല്‍കേണ്ടി വരുന്ന തുക 2020ഓടെ ശരാശരി 3.2 ബില്യണ്‍ പൗണ്ടിലേക്ക് ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019/10 കാലഘട്ടങ്ങളില്‍ ഇത്തരം 206 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 524ലേക്ക് ഉയര്‍ന്നു. വളരെയധികം ആശങ്കയുണ്ടാക്കുന്ന കണക്കാണിത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജീവനക്കാരുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 40,000 തസ്തികകളാണ് ജീവനക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുറവ് പരിഹരിക്കുന്നതിനായി രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.