ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ രാസവള ക്ഷാമം അടുത്ത വർഷം ആഗോള ഭക്ഷ്യവിലയിൽ വലിയ വർദ്ധനവിന് ഇടയാക്കുമെന്ന് ബ്രിട്ടനിലെ പ്രമുഖ സ്ഥാപനമായ ഗ്രോസ്വെനർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി . ഹോർമുസ് കടലിടുക്ക് പ്രായോഗികമായി അടഞ്ഞതോടെ ലോകത്തെ രാസവള വിതരണ ശൃംഖല തകരാറിലായെന്നും യുദ്ധം ആരംഭിച്ച ഫെബ്രുവരിക്ക് ശേഷം രാസവള വില 50 മുതൽ 70 ശതമാനം വരെ ഉയർന്നുവെന്നും ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ട്രസ്റ്റി മാർക്ക് പ്രെസ്റ്റൺ വ്യക്തമാക്കി. ലോക ഭക്ഷ്യോത്പാദനത്തിന് നിർണായകമായ നൈട്രജൻ അധിഷ്ഠിത വളങ്ങളുടെ ലഭ്യത ഗുരുതരമായി ബാധിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോഴത്തെ സീസണിൽ യുകെയിലെ വിളകൾക്ക് വലിയ തിരിച്ചടി ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും അടുത്ത വർഷം പ്രത്യാഘാതം ശക്തമാകുമെന്നാണ് മുന്നറിയിപ്പ് . വില വർധനയെ തുടർന്ന് പല കർഷകരും രാസവളം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് പ്രെസ്റ്റൺ പറഞ്ഞു. അതിനാൽ അടുത്ത വർഷം ശൈത്യകാല കൃഷിക്കു പകരം വസന്തകാല കൃഷിയിലേക്ക് കൂടുതൽ കർഷകർ മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെ വലിയ തോതിൽ രാസവളങ്ങളും ദ്രവീകൃത പ്രകൃതി വാതകവും കടന്നുപോകുന്നതിനാൽ അവിടെയുള്ള പ്രതിസന്ധി ഭക്ഷ്യോത്പാദനത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ രാസവള കമ്പനികളിലൊന്നായ യാര ഇന്റർനാഷണലും മിഡിൽ ഈസ്റ്റ് യുദ്ധം ദരിദ്ര രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭക്ഷ്യവില ഉയരുന്നത് സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിനെയും തൊഴിൽ മേഖലയെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കർഷകരുടെ ഉൽപാദന ചെലവ് കുതിച്ചുയരുന്നതോടെ ഭക്ഷ്യസംസ്‌കരണ മേഖല, റീട്ടെയിൽ വ്യാപാരം, ഹോസ്പിറ്റാലിറ്റി മേഖല എന്നിവയ്ക്കും സമ്മർദം കൂടാനിടയുണ്ട്. വിലക്കയറ്റം ശക്തമായാൽ ഉപഭോക്തൃ ചെലവ് കുറയുകയും അതോടെ ചെറുകിട വ്യാപാര-തൊഴിൽ മേഖലകളിൽ നിയമനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് . അതേസമയം, ജൈവവള നിർമ്മാണം, സുസ്ഥിര കാർഷിക സാങ്കേതിക വിദ്യ, പ്രാദേശിക ഭക്ഷ്യ ഉൽപാദനം തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ ഉയർന്നുവരാനുള്ള സാധ്യതകളുണ്ട്.