രാധാകൃഷ്ണൻ മാഞ്ഞൂർ

കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ലാ ഘടകം സംഘടിപ്പിച്ച ചിത്ര പ്രദർശനം ജനുവരി 26 മുതൽ ഫെബ്രുവരി 3 വരെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ (DC കിഴക്കേ മുറിയിടം) നടന്നു. വിവിധ മാദ്ധ്യമങ്ങളിൽ വിരിഞ്ഞ സൃഷ്ടികൾ, ആസ്വാദകരിൽ തനതു കാലത്തിന്റെയും , ചില ഓർമ്മപ്പെടുത്തലുകളുടെയും , ഗ്രാമക്കാഴ്ചകളുടെ നേർവരകളുമൊക്കെ ചേർത്തിണക്കിയ ഒരു ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്.” ഇംപ്രഷൻസ് ആന്റ് എക്സ്പ്രഷൻ സ്..” എന്ന പേരിൽ സംഘടിപ്പിച്ച ഈ പ്രദർശനത്തിൽ ജില്ലയിലെ 27 കലാകാരൻമാർ പങ്കെടുത്തു.

കാടുകളിൽ അതിന്റെ വശ്യതയിൽ ഗന്ധങ്ങളിൽ, രൂപ പ്രകൃതിയിൽ ഒന്നും വിശുദ്ധമല്ലന്ന് ജീവതയുടെ സ്വത്വബോധമുണർത്തുന്ന തോമസ് രാമപുരത്തിന്റെ രണ്ടു ചിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. നിർമ്മല വർണ്ണങ്ങളിൽ തീർത്ത ചിത്രങ്ങൾ ഏതോ അസുര കാലത്തെ പ്രതീക്ഷിച്ചു നിൽക്കുന്നു. ഫാദർ .. റോയ് എം തോട്ടത്തിന്റെ അബ്സ്ട്രാക്റ്റ് രചനാരീതി മനുഷ്യമനസ്സിന്റെ ആഴങ്ങൾ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നു.

കേരളത്തിന്റെ പ്രിയ ചിത്രകാരൻ ശ്രീ. മോപ്പസാങ്ങ് വാലത്തിന്റെ ജലഛായാചിത്രം നിറച്ചാർത്തുകളുടെ അതി സാന്ന്യദ്ധ്യമില്ലാത്ത കാല്പനിക ജീവിതത്തിന്റെ വരയാഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ആനന്ദ് രാജ് കനവിന്റെ ചിത്രങ്ങൾ മഹാമാരിയുടെ കാലത്തു നിന്നും രക്ഷപെട്ട രണ്ടാത്മക്കളുടെ നേർചിത്രങ്ങളായി പരിണമിക്കുമ്പോൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം പ്രണയം എവിടെയാണ് ഒളിപ്പിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു. കാലത്തിന്റെ നേർരേഖയിൽ കണ്ടെത്തേണ്ട കരുതലുകളെ ജാഗ്രതകളെ , വളർച്ചകളെ മുരടിപ്പിക്കുന്ന സത്യത്തിന്റെ പിന്നാമ്പുറങ്ങളെ കണ്ടതും, കാണാത്തതുമായ ചിന്തകളെ സ്‌റ്റീഫൻ .കെ . ജോസഫിന്റെ LIFE and BEYOND IT എന്ന നാലു ചിത്രങ്ങൾ ഒരു സൂചകമാവുന്നു.

പുഷ്പപിള്ള മഠത്തിലിന്റെ അബ്സ്ട്രാക്റ്റ് വർണ്ണ വിതാനം പ്രേക്ഷക മനസ്സിൽ കൂടുതൽ ചിന്തകൾക് ഇടം കണ്ടെത്തുന്നു. മണ്ണിനെയും വിണ്ണിനെയും അറിയാതെ അതിന്റെ ആവാസ വ്യവസ്ഥയെ താളം തെറ്റിക്കുന്ന അശാസ്ത്രിയതകൾക്കെതിരെ വിരൽ ചൂണ്ടുന്ന നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് നെരിപ്പോടാണ് നൽകിയത്. നമ്മുടെ വിചാരങ്ങളിലെ പലതരം വേവുകൾ അതിന്റെ തുടർച്ചകൾ അതാണ് ഈ പ്രദർശനത്തിന്റെ നിലപാടുതറയിൽ ഈ കലാകാരൻമാർ വിളിച്ചു പറയുന്നത്.