കേരള മുന്‍ രഞ്ജി ക്രിക്കറ്റ് താരം എം. സുരേഷ് കുമാറി (ഉമ്പ്രി-47)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പഴവീട് ഗൗരീശങ്കരത്തില്‍ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. റെയില്‍വേയുടെ ആലപ്പുഴ സ്റ്റേഷനില്‍ പബ്ലിക് റിലേഷന്‍ ഓഫീസറാണ്.

ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ‘നാനാത്വത്തില്‍ ഏകത്വത്തെ’ പരാമര്‍ശിക്കാന്‍ ഒരിക്കല്‍ പറഞ്ഞ പേര് എം. സുരേഷ് കുമാറിന്റേതായിരുന്നു. 1991-92 സീസണില്‍ ന്യൂസീലന്‍ഡിനെതിരെ താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്ന ആലപ്പുഴക്കാരന്‍ ‘ഉമ്രി’യെക്കുറിച്ച് വലിയ മതിപ്പായിരുന്നു ദ്രാവിഡിന്. ഇന്ത്യന്‍ ടീമിലെത്താന്‍ പ്രതിഭയുണ്ടായിരുന്നിട്ടും അവസരം കിട്ടാതിരുന്ന, അകാലത്തില്‍ പൊലിഞ്ഞ താരമാണ് എം. സുരേഷ് കുമാര്‍.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നീണ്ട കരിയറില്‍ ഒരു സെഞ്ചുറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും, നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് സുരേഷ് കുമാര്‍.

1973 ഏപ്രില്‍ 19-ന് ആലപ്പുഴയില്‍ ജനിച്ച സുരേഷ് കുമാറിനെ അമ്മാവന്മാരായ മണിറാമും ഹരിറാമുമാണ് ബാല്യത്തിലേ ക്രിക്കറ്റിലേക്കു നയിച്ചത്. ഇപ്പോഴിതാ ജീവിതത്തിന്റെ ക്രീസില്‍നിന്നു മഹാനായ ആ കായികതാരം വിടവാങ്ങിയിരിക്കുന്നു. കളിച്ച കാലത്തെല്ലാം മികവു മാത്രം കരുത്താക്കിയ ‘ഉമ്രി നക്ഷത്രം’. മറക്കാനാകില്ല ഒരിക്കലും.

ആദ്യതവണ തന്നെ തലശേരിയില്‍, കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ 9 വിക്കറ്റ് നേടി വരവറിയിച്ച ഉമ്രി 1994-95 സീസണില്‍ കരുത്തരായ തമിഴ്‌നാടിനെതിരെ ചരിത്രത്തിലെ ആദ്യ രഞ്ജി വിജയം നേടാനും കേരളത്തെ സഹായിച്ചു. പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്ത് 2 ഇന്നിങ്‌സിലുമായി 12 വിക്കറ്റുകള്‍ ഉമ്രി നേടി. അതുവഴി കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലെത്തി. അവസാന ദിവസം പരുക്കേറ്റ സ്റ്റാര്‍ ബോളര്‍ കെ.എന്‍. അനന്തപത്മനാഭന്‍ പുറത്തിരുന്ന മത്സരത്തില്‍ ഉമ്രിയാണു തമിഴ്‌നാടിനെ എറിഞ്ഞുവീഴ്ത്തി കേരളത്തിനു ചരിത്രജയം സമ്മാനിച്ചത്. ആ സീസണില്‍ ഉമ്രി ആകെ നേടിയത് 25 വിക്കറ്റുകള്‍.

ആ സീസണു ശേഷം ഉമ്രി റെയില്‍വേ ടീമിലേക്കു പോയി. റെയില്‍വേസിനായി 4 സീസണുകളില്‍ നിന്ന് അറുപതോളം വിക്കറ്റുകള്‍ നേടി. 1999-ല്‍ കേരളത്തിലെത്തിയ ഉമ്രി 2000-01 സീസണില്‍ ആന്ധ്രയ്‌ക്കെതിരെ 125 പന്തില്‍ നേടിയ സെഞ്ചുറി ഒന്നര പതിറ്റാണ്ടുകാലം രഞ്ജിയില്‍ കേരളത്തിന്റെ അതിവേഗ സെഞ്ചുറിയായി തുടര്‍ന്നു. ആകെ 72 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 196 വിക്കറ്റ് നേടിയ അദ്ദേഹം 12 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 1657 റണ്‍സും നേടി.

ഏതാനും വര്‍ഷം മുന്‍പ് ഒരു ചടങ്ങിനിടെ, താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമിനെ ദ്രാവിഡ് അനുസ്മരിച്ചു: ‘ന്യൂസീലന്‍ഡിനെതിരെ അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ബാറ്റ് ചെയ്യാന്‍ യുപിക്കാരനായ താരമെത്തി. അദ്ദേഹത്തിനു ഹിന്ദി മാത്രമേ അറിയൂ. ഒപ്പമുള്ളതു കേരളത്തില്‍നിന്നുള്ള സുരേഷ്‌കുമാര്‍. അദ്ദേഹത്തിന് അറിയാവുന്നതു മലയാളം മാത്രം. ഡ്രസിങ് റൂമില്‍ ഞങ്ങള്‍ പിരിമുറുക്കത്തിലായി. എങ്ങനെയാണ് അവര്‍ ബാറ്റിങ്ങിനിടെ ഓടാനും സൂക്ഷിച്ചു കളിക്കാനുമെല്ലാം പറയുക? ഒരാള്‍ പറയുന്നതു മറ്റെയാള്‍ക്കു മനസ്സിലാകില്ല. പക്ഷേ, അവര്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാരണം അവരുടെ ഭാഷ ക്രിക്കറ്റായിരുന്നു’.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ദ്രാവിഡിനെ അമ്പരപ്പിച്ചു ഈ ഇടംകൈ സ്പിന്‍ ബോളര്‍. കീവീസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ സുരേഷ് നേടിയ 46 റണ്‍സായിരുന്നു ടീമിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍. പിന്നീടു കിവീസ് നായകനായ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഡിയോണ്‍ നാഷും മാത്യു ഹര്‍ട്ടുമെല്ലാമുണ്ടായിരുന്നു അന്നത്തെ ജൂനിയര്‍ ടീമില്‍.

14 വയസ്സില്‍ സുരേഷ് കുമാറിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയതാണു ഞാന്‍. അദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ നായകനായപ്പോഴും പിന്നീടു രഞ്ജി ടീമില്‍ കളിക്കുമ്പോഴും ടീമിന്റെ പരിശീലകനായി ഒപ്പമുണ്ടായിരുന്നു. അടുത്ത കാലത്ത് ആലപ്പുഴയില്‍ ഉമ്രിയുടെ മകന്‍ അതുല്‍ കൃഷ്ണനെ പരിശീലിപ്പിക്കാനും കഴിഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയായി ഇത്. ഉള്‍ക്കൊള്ളാനാകുന്നില്ല ഈ വിയോഗമെന്നാണ് മുന്‍ കേരള പരിശീലകന്‍ പി. ബാലചന്ദ്രന്‍ പറഞ്ഞത്.

‘ഞാനും സുരേഷും ഒന്നിച്ച് ഒരുപാടു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോഴും ടീമില്‍ സുരേഷ് ഉണ്ടായിരുന്നു. സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം വെറ്ററന്‍സ് മത്സരങ്ങളിലും പരിശീലന പരിപാടികളിലുമെല്ലാം ഞങ്ങള്‍ കണ്ടുകൊണ്ടേയിരുന്നു. ജന്മസിദ്ധമായ പ്രതിഭയായിരുന്നു അദ്ദേഹത്തിന്റേത്. ഏതു മത്സരത്തിലും ‘കൂള്‍’ ആയി നില്‍ക്കുന്ന സുരേഷ് ആണ് ഞങ്ങളുടെ മനസ്സില്‍.’മുന്‍ കേരള ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഒയാസിസ് വേദനയോടെ പറഞ്ഞു.