കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തുമായി 17 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം കേരളത്തിന് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വൈറസ് ബാധ ഏറ്റവും കൂടുതലുണ്ടായ പേരാമ്പ്ര, ബാലുശ്ശേരി ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ നേരത്തെ നടത്തിയ ഗവേഷണഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് നടന്ന രണ്ടാംഘട്ട പരിശോധനയിലാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 21 വവ്വാലുകളിലായിരുന്നു പരിശോധന. പക്ഷേ ഇവ ചെറുപ്രാണികളെയും ജീവികളെയും ഭക്ഷിക്കുന്ന കാറ്റഗറിയില്‍പ്പെട്ടവയായത് കാരണം ഫലം നെഗറ്റീവായി. പിന്നീട് 51 വവ്വാലുകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ചു. ഇവയില്‍ പഴംതീനി (ഫ്രൂട്ട് ബാറ്റ്) ഇനത്തില്‍പ്പെട്ടവയില്‍ ചിലതില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ ശസ്ത്രജ്ഞരും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രോഗബാധ നിയന്ത്രണ വിധേയമായതിന് ശേഷവും പടര്‍ന്ന രീതിയെക്കുറിച്ചുള്ള അജ്ഞത ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ വവ്വാലുകളില്‍ നിന്നാണെന്ന് തെളിഞ്ഞതോടെ പ്രതിരോധ പരിപാടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാരിന് കഴിയും. പഴംതീനി വവ്വാലുകളില്‍ നിന്ന് രോഗം പടരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കാനാണ് സാധ്യത. നിലവില്‍ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകള്‍ നിപ്പ മുക്തമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.