ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ഇന്ധന വില കുതിച്ചുയർന്നു. രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലുള്ള ഇന്ധന വില വർദ്ധനവിനെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. പെട്രോളിന്റെ വില ഒരു ലിറ്ററിന് 7 P ആണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്നതിനുള്ള ചിലവ് 4 പൗണ്ട് ഓളം വർദ്ധിച്ചത് വാഹന ഉടമകൾക്ക് കനത്ത ഇരട്ടടിയായി.

ഡീസലിന്റെ വില വർദ്ധനവ് 8 P ആണ് . ഇതോടെ ഡീസൽ വാഹന ഉടമകൾ ഫുൾ ടാങ്ക് ഡീസൽ അടിക്കാൻ 4.41പൗണ്ട് കൂടുതൽ നൽകേണ്ടതായി വരും. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് ഇന്ധന വില വർദ്ധധനവ് കനത്തതാകുമെന്ന ആശങ്കയും ശക്തമാണ്. ഉക്രൈൻ -റഷ്യ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില ഉയർന്നത് നേരത്തെ തന്നെ ഇന്ധന വിലവർദ്ധനവിന് കാരണമായിരുന്നു. ഈ വർഷമാദ്യം എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെകിന്റെ തീരുമാനം എണ്ണ വില ബാരലിന് 12 ഡോളർ വർദ്ധിച്ച് 87 ഡോളറിലെത്താൻ കാരണമായിരുന്നു.


വാഹന ഉപഭോക്താക്കൾ ശ്രമിക്കുകയാണെങ്കിൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്ന് ഈ രംഗത്ത് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ധനത്തിന്റെ ഉപയോഗം പരമാവധി ലഘൂകരിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ വേഗത 45 -50 Mph ആണ്. ആവശ്യമല്ലെങ്കിൽ കാറിൻറെ എയർകണ്ടീഷനിങ് പ്രവർത്തിക്കാതിരിക്കുന്നത് ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള ഒരു മാർഗ്ഗമാണ്. എ സി പ്രവർത്തിക്കുകയാണെങ്കിൽ 10% വരെ ഇന്ധനത്തിന്റെ ഉപയോഗം വർദ്ധിക്കും. ടയറിന്റെ മർദ്ദം പതിവായി പരിശോധിക്കുന്നതും ശരിയായ രീതിയിൽ ക്രമീകരിക്കുകയും ചെയ്യുന്നത് കൂടുതൽ ഇന്ധനക്ഷമത കൈവരിക്കുന്നതിന് സഹായിക്കും.