ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ വെയ്ക് ഫീൽഡിൽ ഏപ്രിൽ 17-ാം തീയതി മരണമടഞ്ഞ മഞ്ജുഷ് മാണിക്ക് താൻ പിറന്ന വീണ പിറവത്തിന്റെ മണ്ണിൽ അന്ത്യവിശ്രമം. പ്രകൃതി പോലും വിറങ്ങലിച്ചു നിന്ന വികാരനിർഭരമായ അന്തരീക്ഷത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ പുഞ്ചിരി തൂകുന്ന ഓർമ്മകൾ ബാക്കിയാക്കി മഞ്ജുഷ് യാത്രയായി . ഇന്നലെ 12 മണിയോടെയാണ് പിറവത്തുള്ള മഞ്ജുഷിന്റെ വീട്ടിൽ പൊതുദർശനം ആരംഭിച്ചത്. ദീർഘകാലം കെഎസ്ആർടിസിയിൽ സുത്യർഹ സേവനം അനുഷ്ഠിച്ച തങ്ങളുടെ പ്രിയപ്പെട്ട മാണിച്ചേട്ടൻെറ പുത്രനോടുള്ള വാത്സല്യത്തിനുമപ്പുറം മഞ്ജുഷിന് തന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൾ കൊണ്ട് നല്ലൊരു സൗഹൃദ വലയം ഉണ്ടായിരുന്നു . അതുകൊണ്ടുതന്നെ ഇടമുറിയാതെ മഞ്ജുഷിന്റെ വീട്ടിലേയ്ക്ക് ജനങ്ങൾ എത്തിച്ചേർന്നുകൊണ്ടേയിരുന്നു. പൊതുദർശനം ആരംഭിച്ചതു മുതൽ മൃതദേഹത്തിനരികിൽ കണ്ണിമ പൂട്ടാതെ തൻറെ പ്രിയതമനെ മിഴി നട്ടിരിക്കുന്ന ബിന്ദുവിന്റെയും അച്ഛനെ പിരിയുന്ന മക്കളായ ആൻമേരിയയുടെയും അന്നയുടെയും വേദന ഏതൊരാളിന്റെയും കരളലിയിക്കുന്നതായിരുന്നു. നന്നേ ചെറുപ്രായത്തിലെ തങ്ങളുടെ മനസ്സിന് തീരാ വേദനയായി വിട പറഞ്ഞ തങ്ങളുടെ പ്രിയ മകൻെറ നിശ്ചലമായ ശരീരത്തിന് മുന്നിൽ പിതാവ് മാണിയും മാതാവ് മേരിയും നിറകണ്ണുകളോടെ ഉണ്ടായിരുന്നു. മഞ്ജുഷിന്റെ അമേരിക്കയിൽ ജോലിചെയ്യുന്ന ഏക സഹോദരി മജി ബാബുവും പ്രിയ സഹോദരനെ യാത്ര അയക്കാനായി എത്തിച്ചേർന്നിരുന്നു.

മഞ്ജുഷ് ഇടവകാംഗമായിരുന്ന ലീഡ്‌സിലെ സെന്റ് മേരീസ് ആന്റ് സെന്റ്‌ വെൽഫ്രഡ് ഇടവകയുടെ  വികാരിയും മിഷൻ ഡയറക്ടറുമായിരുന്ന,  നിലവിൽ ഊന്നുകൽ സെൻറ് ജോർജ് ചർച്ചിന്റെ വികാരിയുമായ ഫാ. ജോസഫ് പൊന്നത്താണ് അനുസ്മരണ പ്രസംഗം നടത്തിയത്. യുകെയിൽ തന്റെ ശുശ്രൂഷാ കാലഘട്ടത്തിലുടനീളം മഞ്ജുഷുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തിൻറെയും വിശ്വാസത്തിലും ദൈവപരിപാലനയിലും മഞ്ജുഷ് തന്റെ ഭാര്യയെയും മക്കളെയും ചേർത്തുനിർത്തി ഒരു ഉത്തമ കുടുംബജീവിതം നയിച്ചതിന്റെയും നേർ സാക്ഷ്യമായിരുന്നു അച്ഛൻറെ പ്രസംഗം. ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യൻ കണിയാംപറമ്പിലിൻെറ നേതൃത്വത്തിൽ 4 മണിയോടെയാണ് വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചത്. ഫാ. ജോസഫ് പൊന്നത്തും, ഫാ. സിജോ കൊച്ചുമണ്ണിലും നിരവധി സിസ്റ്റേഴ്സും പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തു.

5 മണിയോടെയാണ് പിറവം ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ അന്ത്യകർമ്മങ്ങൾ പൂർത്തിയായത്. ശവസംസ്കാര ശുശ്രൂഷയിലെ അവസാന നിമിഷങ്ങൾ അത്യധികം ദുഃഖകരമായിരുന്നു . വീട്ടിൽ നിന്ന് മൃതദേഹം പള്ളിയിലേക്ക് എടുത്ത നിമിഷത്തിൽ മയങ്ങി വീണ ബിന്ദുവിന്റെ പള്ളിയിൽ വെച്ചുള്ള പൊട്ടിക്കരച്ചിൽ ഏതൊരാളുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു . വിധിയുടെ വിളയാട്ടത്തിൽ അകാലത്തിൽ പൊലിഞ്ഞ മഞ്ജുഷിനെകുറിച്ച് ബിന്ദുവിന്റെ വിലാപം എല്ലാവർക്കും തീരാ വേദനയായി. തന്റെ പ്രിയതമന്റെ ശവമഞ്ചൽ നോക്കി ഞാൻ പൊന്നുപോലെ നോക്കുകയില്ലായിരുന്നോ … എൻറെ അടുത്ത് ഒരാളായി നിന്നാൽ മതിയായിരുന്നല്ലോ എന്ന ബിന്ദുവിന്റെ പൊട്ടിക്കരച്ചിൽ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ മനസ്സിൽ ഏറെ നാൾ ഒരു വിങ്ങലായി നിലനിൽക്കും.


മഞ്ജുഷിന്റെ ലീഡ്സിലെ പൊതുദർശനം മുതൽ മൃത സംസ്കാരത്തിന്റെ എല്ലാ വിവരങ്ങളും മലയാളം യുകെ ന്യൂസ് യഥാസമയം വായനക്കാരിലേയ്ക്ക് എത്തിച്ചിരുന്നു. മലയാളം യുകെയുടെ ഒരു നല്ല സുഹൃത്തായിരുന്നു മഞ്ജുഷ് .

മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവി റ്റിജി തോമസ്‌ മലയാളം യുകെ ന്യൂസിനെ പ്രതിനിധീകരിച്ച് മഞ്ജുഷിന്റെ വീട്ടിലും പള്ളിയിലും എത്തി ആദരാഞ്ജലികൾ അർപ്പിച്ചു . വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനുവേണ്ടി ബിബിൻ രവീന്ദ്രനും രേഷ്മാ ബിബിനും പിറവത്തെ മഞ്ജുഷിന്റെ ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു .കോട്ടയം പാർലമെൻറ് മണ്ഡലം എംപി ശ്രീ. തോമസ് ചാഴിക്കാടൻ , സ്ഥലം എംഎൽഎ ശ്രീ. അനൂപ് ജേക്കബ് എന്നിവരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.