ഡ്രൈവറും സഹായിയുമില്ലാതെ ഓടുന്ന പാചകവാതക ലോറി തടയാൻ എംഎൽഎയുടെ നിർദേശം. മണിക്കൂറുകൾക്കംതന്നെ ദേശീയപാത വഴി സഹായിയില്ലാതെ ഓടിയെത്തിയ ടാങ്കർലോറികൾ നാട്ടുകാർ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇവയിലെ ഡ്രൈവർമാർക്കു താക്കീതു നൽകി വിട്ടു. കാവുംപുറത്ത് ഇന്നലെ ഉച്ചയ്ക്ക്, എംഎൽഎ കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ, വട്ടപ്പാറ വളവിനെ അപകടമുക്തമാക്കുന്നതിനു യോഗം വിളിച്ചുകൂട്ടിയിരുന്നു.

യോഗത്തിൽ പ്രസംഗിച്ച ഐഒസി ഉദ്യോഗസ്ഥൻ ക്യാപ്സ്യൂൾ ടാങ്കർ അടക്കമുള്ള പാചകവാതക ലോറികളിൽ ഡ്രൈവർക്കൊപ്പം സഹായിയും നിർബന്ധമാണെന്നു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേലിൽ പാചകവാതക ലോറികളിൽ ഡ്രൈവർ മാത്രമാണെന്നു കണ്ടാൽ അവ നാട്ടുകാർക്കു തടയാമെന്ന് എംഎൽഎ അറിയിച്ചിരുന്നു.

യോഗതീരുമാനങ്ങൾക്കുശേഷം പുറത്തിറങ്ങിയ നാട്ടുകാർ വട്ടപ്പാറ അടിയിൽനിന്നു ഡ്രൈവർ മാത്രമായി ഓടിയെത്തിയ രണ്ടു ലോറികൾ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ട്രാൻസ്പോർട്ടിങ് കമ്പനികൾ ലാഭമുണ്ടാക്കുന്നതിനു മിക്കപ്പോഴും ടാങ്കർലോറികളിൽ ഒരാളെ മാത്രമാണു നിയോഗിക്കുന്നത്.