ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ മാറ്റങ്ങളുമായി ഋഷി സുനക്. ആദ്യ ദിവസം തന്നെ മന്ത്രിമാരുടെ ടീമിനെ നിശ്ചയിച്ച് പ്രവർത്തനം ആരംഭിച്ച അദ്ദേഹം, ഒരുപക്ഷെ ബ്രിട്ടനിലെ നിലവിലെ അസ്ഥിരമായ കാര്യങ്ങളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ മുന്നറിയിപ്പാണ് നൽകുന്നതെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.

ഇന്നലെ നടത്തിയ പ്രസംഗത്തിൽ സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തെയും പാർട്ടിയെയും ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹം കൈകൊണ്ട ചില മാറ്റങ്ങൾ എംപിമാരെ അമ്പരപ്പിച്ചു. പാർട്ടിയിലെ വിഭാഗീയത മാറി, ഐക്യത്തോടെ മുൻപോട്ട് കൊണ്ടുപോകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അതിനായി കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാൻസിലറായി ജെറമി ഹണ്ട്, വിദേശകാര്യ സെക്രട്ടറിയായി ജെയിംസ് ക്ലെവർലി, പ്രതിരോധ സെക്രട്ടറിയായി ബെൻ വാലസ് എന്നീ മൂന്ന് പ്രധാന മാറ്റങ്ങളാണ് ഈ പുനഃസംഘടനയുടെ ശ്രദ്ധേയമായ മറ്റൊരു ഘടകം. സുവല്ല ബ്രാവർമാൻ ആഭ്യന്തര സെക്രട്ടറിയായി തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ നിയമനങ്ങളിലൊന്ന്. ഡൊമിനിക് റാബ്, സ്റ്റീവ് ബാർക്ലേ, ഒലിവർ ഡൗഡൻ തുടങ്ങിയവരെയും സുനക് സുപ്രധാന റോളുകളിലേക്ക് തിരികെകൊണ്ടുവന്നു.