സോഷ്യൽ മീഡിയയിൽ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന പേരില്‍ അറിയപ്പെടുന്ന ജിഎന്‍പിസി ഗ്രൂപ്പ് വീണ്ടും വിവാദത്തില്‍. ഗ്രൂപ്പില്‍ അംഗങ്ങളായ ഒരുസംഘം ഒരു മൃഗത്തെ പൊതുസ്ഥലത്ത് പരസ്യമായി ചുടുന്നതിന്റെയും കഴിക്കുന്നതിന്റെയും ഫോട്ടോകളാണ് ഇപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.

എന്തിനെയാണ് സംഘം ചുട്ട് തിന്നതെന്ന് ഫോട്ടോയിലൂടെ വ്യക്തമല്ല. പൂച്ച, നായ, മാന്‍ എന്നിവയായിരിക്കാമെന്നാണ് ഫോട്ടോയ്ക്ക് കീഴിലെ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ശരത് ടികെ പട്ടാനി എന്ന എഫ്ബി പ്രൊഫൈലാണ് നാല് ഫോട്ടോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെതിരെയും സംഘത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. കുറ്റകൃത്യങ്ങളുടെ പ്രോത്സാഹനമാണ് ഗ്രൂപ്പില്‍ സജീവമായി നടക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

വ്യാജമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോട്ടോയും കഴിഞ്ഞ ആഴ്ചകളില്‍ ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മദ്യത്തിന്റെ പ്രോത്സാഹനം ഈ ഗ്രൂപ്പില്‍ പാടില്ല. ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന ഗ്രൂപ്പ് നിര്‍ദേശം മറന്നുകൊണ്ടാണ് അഡ്മിന്‍മാര്‍ ഗ്രൂപ്പില്‍ മദ്യപാനവും പ്രോത്സാഹിപ്പിക്കുന്നത്. വിദേശമദ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും കൂടാതെ ചില അംഗങ്ങള്‍ വാറ്റ് ചാരായം കുടിക്കുന്ന ഫോട്ടോകളും ഗ്രൂപ്പിന്റെ ഗ്യാലറിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

2018ല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ അജിത്ത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ തിരുവനന്തപുരം എക്‌സൈസ് ഓഫീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ച് നാള്‍ ഗ്രൂപ്പില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോയകളും പോസ്റ്റ് ചെയ്യുന്നത് നിരോധിച്ചിരുന്നു.

എന്നാല്‍ വീണ്ടും കഴിഞ്ഞ കുറെ നാളുകളായി ഗ്രൂപ്പില്‍ ഇത്തരം ഫോട്ടോകളാണ് നിറയുന്നത്. കട്ടന്‍ ചായ എന്ന പേരിലാണ് ഭൂരിഭാഗം അംഗങ്ങളും മദ്യപാന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഇവരില്‍ പലരും പൊതുസ്ഥലങ്ങളിലും മദ്യനിരോധിത മേഖലകളില്‍ നിന്നുമുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്യുന്നത്.