ലണ്ടന്‍: ജീവന്‍രക്ഷാ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ അസാധാരണവും മനുഷ്യത്വ രഹിതവുമായ നിലപാട് സ്വീകരിച്ച് മരുന്നു കമ്പനി. ക്യാന്‍സര്‍ മരുന്നുകള്‍ കൂട്ടത്തോടെ നശിപ്പിച്ച് മരുന്ന് ക്ഷാമം കൃത്രിമമായി ഉണ്ടാക്കുകയും വിലവര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകകയും ചെയ്തുവെന്നാണ് വിവരം. ആസ്‌പെന്‍ ഫാര്‍മകെയര്‍ എന്ന കമ്പനിയാണ് ഗൂഢാലോചന നടത്തിയതായി വ്യക്തമായത്. സ്പാനിഷ് ഹെല്‍ത്ത് സര്‍വീസുമായുണ്ടായ തര്‍ക്കത്തേത്തുടര്‍ന്നാണ് കമ്പനി ഈ വിധത്തില്‍ നീങ്ങിയത്. ചോര്‍ന്ന ഇമെയില്‍ സന്ദേശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2014ലായിരുന്നു സംഭവമുണ്ടായത്. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്‌സോ സ്മിത്ത്‌ലൈനില്‍ നിന്ന് അഞ്ച് വ്യത്യസ്ത ക്യാന്‍സര്‍ മരുന്നുകള്‍ വാങ്ങിയ ശേഷം യൂറോപ്പിലേക്ക് 40 മടങ്ങ് അധിക വിലയ്ക്ക് ആസ്‌പെന്‍ ഫാര്‍മകെയര്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ലുക്കീമിയക്ക് കീമോതെറാപ്പി നല്‍കാന്‍ ഉപയോഗിക്കുന്ന ബുസള്‍ഫാന്‍ എന്ന മരുന്നിന്റെ വില 5.20 പൗണ്ടില്‍ നിന്ന് 65.22 പൗണ്ടായി ഉയര്‍ന്നിരുന്നു. മറ്റു നാല് മരുന്നുകള്‍ക്കും വന്‍ തോതില്‍ വില വര്‍ദ്ധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ആസ്‌പെനില്‍ നിന്ന് എന്‍എച്ച്എസും മരുന്നുകള്‍ വാങ്ങുന്നുണ്ട്. മരുന്നുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ജീവനക്കാര്‍ മനപൂര്‍വം ശ്രമിച്ചുവെന്നാണ് ചോര്‍ന്ന ഇമെയിലുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്പിലെ വില വര്‍ദ്ധയനുസരിച്ചാണ് വില വര്‍ദ്ധിക്കുന്നതെന്നും ആഘോിഷിക്കാമെന്നുമാണ് ജീവനക്കാര്‍ക്ക് ലഭിച്ച ഇമെയിലില്‍ വ്യക്തമാക്കുന്നത്. സ്‌പെയിന്‍ മരുന്നുകള്‍ക്ക് വിലപേശല്‍ ആരംഭിച്ചപ്പോള്‍ മരുന്നുവിതരണം നിര്‍ത്തുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് 4000 ശതമാനം വര്‍ദ്ധിപ്പിച്ച വിലയ്ക്ക് മരുന്നുകള്‍ വാങ്ങാമെന്ന് സ്പാനിഷ് ആരോഗ്യമന്ത്രി സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.