ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബെർമിംങ്‌ഹാം സിറ്റി കൗൺസിലിന്റെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേകം കമ്മീഷണർമാരെ ഗവൺമെന്റ് നേരിട്ട് അയക്കാനുള്ള തീരുമാനവും അടിയന്തരമായി കൈക്കൊണ്ടിട്ടുണ്ട്. നിലവിൽ സാമ്പത്തികപരമായി പൂർണ്ണമായി തകർന്ന നിലയിൽ ആയിട്ടുള്ള സിറ്റി കൗൺസിലിനെ ഇനി മുതൽ നിയന്ത്രിക്കുക ഇവരാകും. അവർക്ക് സ്വന്തമായ രീതിയിൽ ഇനിമുതൽ തീരുമാനമെടുക്കാനുള്ള അധികാരം ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രാദേശികമായ നിലയിൽ അന്വേഷണം ഉണ്ടാകുമെന്ന് മൈക്കൽ ഗോവ് വ്യക്തമാക്കി. പണം സ്വരൂപിക്കുന്നതിനായി നിലവിലെ കൗൺസിലിന്റെ ചില ആസ്തികൾ എങ്കിലും നിൽക്കേണ്ടതായി വരുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂമിയും വസ്തു വകകളും അതോടൊപ്പം തന്നെ കൗൺസിലിന്റെ ബെർമിംങ്‌ഹാം എയർപോർട്ടിൽ ഉള്ള ഓഹരിയും വില്പനയ്ക്ക് വിധേയമാകുമെന്ന് സൂചനകളുണ്ട്. തുല്യ വേതന ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ഏകദേശം 760 മില്യൺ പൗണ്ടിന്റെ ആവശ്യകതയാണ് അതോറിറ്റി നേരിടുന്നത്. ഓരോ മാസവും ഈ ബിൽ 5 മില്യൺ മുതൽ 14 മില്യൺ പൗണ്ട് വരെ വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യം നേരിടുവാൻ കൗൺസിലിന് ഗവൺമെന്റ് അധിക സഹായം നൽകുവാൻ തയ്യാറാണെങ്കിലും, കൗൺസിൽ ടാക്സ് വർദ്ധനവ്, ആസ്തികൾ വിൽക്കുക തുടങ്ങിയ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും മൈക്കൽ ഗോവ് നൽകിയിട്ടുണ്ട്.

കൗൺസിലിനെ ശക്തമായ സാമ്പത്തിക അടിത്തറയിലേക്ക് തിരികെ കൊണ്ടുവരാൻ അതോറിറ്റി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബർമിംഗ്ഹാം അഡ്മിനിസ്ട്രേഷൻ മേധാവി ജോൺ കോട്ടൺ പറഞ്ഞു. എന്നാൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് ഇപ്പോൾ ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് കോമൺസിൽ പ്രതികരിച്ച ഷാഡോ ലെവലിംഗ് അപ്പ് സെക്രട്ടറി ഏഞ്ചല റെയ്‌നർ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ലോക്കൽ അധികാരികൾക്ക് യാതൊരുവിധ പിന്തുണയും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.