ന്യൂസ് ഡെസ്ക് മലയാളം യുകെ

ജീർണിച്ചോ ജനിതക വൈകല്യങ്ങളോ മൂലം പല്ലുകൾ നഷ്ടമായവർക്ക് ഇനി ആശങ്ക വേണ്ട. പല്ലുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ പല്ലുകൾ വളർത്താൻ സഹായിക്കുന്ന ഒരു പുതിയ മരുന്നിന്റെ നിർമ്മാണത്തിലാണ് ജാപ്പനീസ് ശാസ്ത്രജ്ഞർ. ക്യോട്ടോ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ സ്റ്റാർട്ടപ്പായ ടോറെഗെം ബയോഫാർമയാണ് പഠനം നടത്തുന്നത്. എലികൾ, ഫെററ്റുകൾ, നായ്ക്കൾ എന്നിവ ഉപയോഗിച്ച് ലബോറട്ടറി പരീക്ഷണങ്ങളിൽ ശാസ്ത്രജ്ഞർ മരുന്ന് പരീക്ഷിച്ച് വരികയാണ്. അടുത്ത വേനൽക്കാലത്തോടെ ഇത് മനുഷ്യരിൽ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞർ.

നിലവിൽ നഷ്ടപെട്ട പല്ലുകൾ മാറ്റിസ്ഥാപിക്കാനുള്ള ഒരേയൊരു മാർഗ്ഗം കൃത്രിമ ഇംപ്ലാന്റുകൾ അല്ലെങ്കിൽ പ്രോസ്‌തെറ്റിക്‌സ് ഉപയോഗിക്കുക എന്നതാണ്. അതിനാൽ തന്നെ പുതിയ മരുന്നിൻെറ കണ്ടടുത്തൽ വൻ ജനപ്രീതി നേടുമെന്നാണ് വിലയിരുത്തൽ. ആരോഗ്യകരമായ പല്ല് ഉണ്ടായിരുന്നവരിൽ പ്രവർത്തനരഹിതമായ “ടൂത്ത് ബഡ്സ്” ഉണ്ട് ഇത് ഉത്തേജിപ്പിക്കുന്നത് വഴിയാണ് പുതിയ മരുന്ന് പ്രവർത്തിക്കുന്നത്.

സാധാരണയിലും അധികം പല്ലുകൾ ഉള്ള എലികളെ കണ്ടെത്തിയതാണ് കണ്ടുപിടിത്തത്തിന് വഴിത്തിരിവായതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. സാധാരണ എലികളിൽ നിന്ന് വ്യത്യസ്തമായി ഇവയിൽ പല്ലിന്റെ മുകുളങ്ങളുടെ അനാവശ്യ വളർച്ചയെ പരിമിതപ്പെടുത്തുന്ന ജീൻ ഇല്ലെന്ന് കണ്ടെത്തി. മരുന്ന് കുത്തിവയ്പ്പിന്റെ രൂപത്തിലായിരിക്കും വിപണിയിൽ ലഭ്യമാകുക. ഇവ പ്രവർത്തനരഹിതമായി കിടക്കുന്ന ദന്ത മുകളങ്ങളെ പുതിയ പല്ലുകളായി വളരാൻ പ്രോത്സാഹിപ്പിക്കും.