പ്രവർത്തന മികവ് കൊണ്ടും, സംഘടനാ പ്രാവീണ്യം കൊണ്ടും, യുകെയിലെ തന്നെ പ്രമുഖ ഹിന്ദു സമൂഹ കൂട്ടായ്മകളിൽ മുൻനിരയിൽ നിൽക്കുന്ന ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ഓണാഘോഷം മാഞ്ചസ്റ്ററിലെ ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഈ കഴിഞ്ഞ ശനിയാഴ്ച സെപ്റ്റംബർ രണ്ടിന് 500 ഓളം ആളുകളെ സംഘടിപ്പിച്ച് അതിവിപുലമായി ആഘോഷിച്ചു. GMMHC കുടുംബാംഗങ്ങൾ തലേദിവസം തന്നെ ജയൻ കമ്മ്യൂണിറ്റി സെൻറർ ഹാളിൽ ഒത്തുചേർന്ന് ഒരുക്കിയ കേരളത്തനിമയോടെയുള്ള സ്വാദിഷ്ടമായ ഇരുപത്തഞ്ചിൽപരം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ഏവർക്കും മറക്കാത്ത ഒരു അനുഭവമായിരുന്നു.

ഏകദേശം 500 ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം താലപ്പൊലിയേന്തിയ അമ്പതോളം തരുണീമണികളുടെയും മുത്തുക്കുടയും നെറ്റിപ്പട്ടവും അണിയിച്ച മാഞ്ചസ്റ്റർ മണികണ്ഠന്റെയും യുകെയിലെ തന്നെ പ്രശസ്ത ചെണ്ട മേള ടീം ആയ മാഞ്ചസ്റ്റർ മേളത്തിന്റെയും 100 കണക്കിന് പുരുഷാരത്തിന്റെ ആർപ്പുവിളികളോടെയും മാവേലി തമ്പുരാനെയും വാമനനെയും വേദിയിലേക്ക് ആനയിക്കുകയുണ്ടായി. തുടർന്ന് 2023 ലെ ഓണാഘോഷത്തിന്റെ കലാ സാംസ്കാരികോത്സവത്തിന്ന് തുടക്കം കുറിച്ചു.

ഓണാഘോഷത്തിലേക്ക് സന്നിഹിതരായ ഏവരെയും പ്രസിഡന്റ് രാധേഷ് നായർ ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഏഴുതിരിയിട്ട ഭദ്രദീപം മാവേലി തമ്പുരാനും കമ്മറ്റി അംഗങ്ങളും കൂടി തെളിയിച്ച്‌ ഉത്‌ഘാടനം നിർവ്വഹിച്ച തോടു കൂടി കലാസാംസ്കാരിക പരിപാടികൾക്ക് ആരംഭിച്ചു. അക്കാഡമിക് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് GMMHC ഭാരവാഹികൾ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരക്കളി ഓണാഘോഷത്തിന് മാറ്റുകൂട്ടുകയുണ്ടായി. കുഞ്ഞുമക്കളടങ്ങുന്ന GMMHC യിലെ കലാകാരന്മാരും കലാകാരികളും നടത്തിയ നയന ശ്രവണ സുന്ദരമായ വിവിധങ്ങളായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

200 കുടുംബങ്ങളുള്ള ജി എം എച്ച് സി യുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും അധികം ആളുകളെ (500) സംഘടിപ്പിച്ച ഓണാഘോഷം നടത്തിയത് എന്ന് ട്രഷറർ സുനിൽ ഉണ്ണി അഭിപ്രായപ്പെട്ടു. ആഴ്ചകൾക്ക് മുന്നേ ആരംഭിച്ച ഒരുക്കങ്ങൾക്ക് ശേഷം GMMHC യുടെ 2023 ഓണാഘോഷം അതിഗംഭീരമാക്കിയതിന് അഹോരാത്രം അക്ഷീണം പ്രയത്നിച്ച എല്ലാ GMMHC കുടുംബാംഗങ്ങൾക്കും ഓണം സെലിബ്രേഷൻ സ്പോൺസർമാർക്കും ജോയിന്റ് സെക്രട്ടറി ഹരീഷ് ചന്ദ്രൻ നന്ദിപറഞ്ഞതോടെ ഈ വർഷത്തെ ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചു. GMMHC 2023 സെപ്റ്റംബർ പതിനാറിന് ശനിയാഴ്ച വൈകിട്ട് അഞ്ച് മുതൽ പത്തു വരെ ഡെന്റൺ വെസ്റ്റ് എൻഡ്. ഹാളിൽ നടത്തുന്ന ബാലഗോകുലം-ശ്രീകൃഷ് ണജയന്തി ആഘോഷത്തിൽ കാണാമെന്ന ഉറപ്പോടെ കുടുംബാംഗങ്ങൾ വേദി വിട്ടു.