വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തെങ്കിലും കളഞ്ഞുകിട്ടിയാല്‍ അത് ലോട്ടറിയായി എന്നു കരുതുന്നവരുടെ ലോകത്ത് സത്യസന്ധതയുടെ മാതൃകയായി ഒരു ക്ലീനിംഗ് തൊഴിലാളി. ബസില്‍ നിന്ന് കളഞ്ഞു കിട്ടിയ എന്‍വലപ്പില്‍ ഉണ്ടായിരുന്ന 3 ലക്ഷം പൗണ്ട് മെട്രോപോളിറ്റന്‍ പോലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ് ഈ തൊഴിലാളി. ലണ്ടന്‍ ബസുകള്‍ വൃത്തിയാക്കുന്ന കോര്‍ഡന്റ് കമ്പനിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഒരു തൊഴിലാളിയാണ് മാതൃകാപരമായ ഈ പ്രവൃത്തി ചെയ്തത്. യാത്രക്കിടയില്‍ ആരുടെയോ കയ്യില്‍ നിന്ന് താഴെവീണതായിരിക്കാം ഇതെന്നാണ് കരുതുന്നത്. വാഹനം വൃത്തിയാക്കാന്‍ എത്തിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പണത്തിന് അവകാശവാദവുമായി ആരും എത്തിയിട്ടില്ലെന്നാണ് വിവരം.

ബസുകള്‍ വൃത്തിയാക്കുമ്പോള്‍ കോര്‍ഡന്റ് ജീവനക്കാര്‍ക്ക് സ്ഥിരമായി ലഭിക്കാറുള്ള വസ്തുക്കളെ അപേക്ഷിച്ച് ഇത് ഒരു ലോട്ടറിക്ക് സമാനമായിരുന്നു. പലപ്പോഴും ക്ലീനിംഗ് ജീവനക്കാര്‍ക്ക് ബസുകളില്‍ വളരെ മോശം സാഹചര്യങ്ങളെയാണ് നേരിടേണ്ടി വരാറുള്ളത്. സെക്‌സ് ടോയ്കളും മണ്ണുപുരണ്ട നാപ്പികളും ഉപയോഗിച്ച ടാംപോണുകളും വെപ്പു പല്ലുകളും വരെ ബസുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്താറുണ്ട്. യാത്രക്കാര്‍ ഛര്‍ദ്ദിച്ചതിന്റെ അവശിഷ്ടവും ചിലപ്പോള്‍ മനുഷ്യ വിസര്‍ജ്യം പോലും ബസുകളില്‍ നിന്ന് എടുത്തു മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.

ബസുകള്‍ വൃത്തിയാക്കേണ്ടി വരുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെക്കുറിച്ച് തന്റെ ടീം വെളിപ്പെടുത്തുമ്പോള്‍ പലപ്പോഴും ഞെട്ടാറുണ്ടെന്ന് കോര്‍ഡന്റ് ബോസ് ഗയ് പാക്കന്‍ഹാം പറഞ്ഞു. എന്നാല്‍ തന്റെ ജീവനക്കാരുടെ അര്‍പ്പണ മനോഭാവത്തെക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരും പരിശീലനം സിദ്ധിച്ചവരുമാണ് അവര്‍. അടുത്ത തവണ ബസില്‍ മലവിസര്‍ജനം നടത്തുന്നവരും വെപ്പു പല്ലുകള്‍ എറിയുന്നവരും ഇറങ്ങുമ്പോള്‍ തങ്ങളുടെ സ്വന്തം വസ്തുക്കള്‍ എടുക്കാന്‍ മറക്കരുതെന്ന് പാക്കന്‍ഹാം ഓര്‍മിപ്പിച്ചു.