ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വേനൽക്കാലത്തിന്റെ അവസാനത്തോടെയുള്ള അവധിദിനങ്ങൾക്കായി കാത്തിരിക്കുന്ന ബ്രിട്ടീഷ് യാത്രക്കാർക്ക് പ്രതിസന്ധിയായി കൂടുതൽ രാജ്യങ്ങൾ റെഡ് ലിസ്റ്റിലേയ്ക്ക്. ക്രൊയേഷ്യ, മദീറ, ആന്റിഗ്വ എന്നീ സ്ഥലങ്ങൾ ഈ ആഴ്ച അവസാനം ആമ്പർ ലിസ്റ്റിലേക്ക് ചേർക്കപ്പെടും. അതേസമയം കരീബിയൻ ദ്വീപുകളായ ജമൈക്ക, സെന്റ് ലൂസിയ, ഡൊമിനിക്ക എന്നിവ റെഡ് ലിസ്റ്റിൽ ഉൾപ്പെടുമ്പോൾ തുർക്കി റെഡ് ലിസ്റ്റിൽ തന്നെ തുടരാനാണ് കൂടുതൽ സാധ്യത. അതിനാൽ വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂവെന്ന് വിദഗ്ധർ പറഞ്ഞു. കോവിഡിന് മുമ്പ് ബ്രിട്ടീഷ് യാത്രികരുടെ ഇഷ്ട സ്ഥലമായിരുന്ന തുർക്കി, ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ടാൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ കൂടാതെ അവധിക്കാലം ആഘോഷിക്കാം.

ഗ്രീൻ ലിസ്റ്റിൽ നിലവിൽ 36 സ്ഥലങ്ങളുണ്ട്. അവയിൽ 16 എണ്ണം വാച്ച് ലിസ്റ്റിലാണ്. ഇത് ആമ്പർ ലിസ്റ്റിലേക്ക് മാറാനാണ് സാധ്യത. കഴിഞ്ഞ മാസം അവസാനം മാത്രമാണ് ക്രൊയേഷ്യയെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റിയത്. ഇപ്പോൾ ആമ്പർ ലിസ്റ്റിലേക്ക് ഉൾപ്പെടുന്നതോടെ ക്രൊയേഷ്യയിലേക്ക് പറക്കാമെന്ന മോഹവുമായിരുന്ന ഒരുപാട് ബ്രിട്ടീഷുകാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. മാർട്ടിനിക്, ബാർബഡോസ്, സെന്റ് വിൻസെന്റ് എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്ന കരീബിയൻ ദ്വീപായ സെന്റ് ലൂസിയയും കരീബിയൻ ദ്വീപുകളായ ഗ്വാഡലൂപ്പിനും മാർട്ടിനിക്കും ഇടയിലുള്ള ഡൊമിനിക്കയും റെഡ് ലിസ്റ്റിൽ ഉൾപ്പെടും. ഈ ആഴ്ചയിലുള്ള അവലോകനത്തിന് മുമ്പ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ ഇന്നലെ രാത്രി വ്യക്തമാക്കി. എന്നാൽ ഗ്രീൻ ലിസ്റ്റിലേക്കുള്ള കൂട്ടിച്ചേർക്കലുകൾ പരിമിതപ്പെടുത്തുമെന്ന് അവർ സൂചിപ്പിച്ചു.

നാളെയോ ബുധനാഴ്ചയോ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുന്നതുവരെ മന്ത്രിമാർ അന്തിമ തീരുമാനങ്ങളൊന്നും എടുത്തേക്കില്ല. പോൾ ചാൾസിന്റെ ട്രാവൽ കൺസൾട്ടൻസിയായ പിസി ഏജൻസിയുടെ വിശകലനം അനുസരിച്ച്, ക്രൊയേഷ്യ, മദീറ, ഇസ്രായേൽ എന്നിവയും കരീബിയൻ ദ്വീപുകളായ അൻഗ്വില, ആന്റിഗ്വ, തുർക്ക് കൈക്കോസ് ദ്വീപുകളും ഗ്രീൻ ലിസ്റ്റിൽ നിന്ന് ആമ്പറിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. ഗ്രീൻ ലിസ്റ്റ് വിപുലീകരിക്കുന്നത്തിലൂടെ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാനും യാത്ര ചെയ്യാനും സർക്കാർ അവസരം ഒരുക്കണമെന്ന് ചാൾസ് പറഞ്ഞു. വേനൽക്കാല അവധിയ്ക്ക് ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ മാത്രമല്ല, വിമാനക്കമ്പനികളുടെയും യാത്രാ സ്ഥാപനങ്ങളുടെയും പ്രതീക്ഷകൾ സർക്കാർ തകർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക് എന്നിവയുൾപ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങൾ ആമ്പറിൽ നിന്ന് ഗ്രീൻ ലിസ്റ്റിലേക്ക് മാറും.