ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അവധി ആഘോഷിക്കാനായി തന്റെ രണ്ട് മക്കളോടൊപ്പം ഇറ്റലിയിൽ എത്തിയ ബ്രിട്ടീഷുകാരനായ പിതാവിനെ, തടാകത്തിൽ മുങ്ങിത്താണ 14 വയസ്സുകാരനായ മകനെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടെ കാണാതായി. നീന്തുന്നതിനിടെ മകന് ബുദ്ധിമുട്ടുണ്ടാകുന്നതായി കണ്ടാണ് മകനെ രക്ഷിക്കാനായി അദ്ദേഹം വെള്ളത്തിൽ ഇറങ്ങിയത്. വിജയകരമായി തന്നെ മകനെ സ്പീഡ് ബോട്ടിനു അടുത്തേക്ക് എത്തിച്ചെങ്കിലും, പിന്നീട് പിതാവിനെ കാണാതാവുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന മാതാവ് മകനെ വലിച്ചു ബോട്ടിനുള്ളിൽ ആക്കിയ ശേഷം നോക്കുമ്പോഴാണ് തന്റെ ഭർത്താവ് വെള്ളത്തിനടിയിലേക്ക് താണു പോകുന്നത് കാണുന്നത്. നോർത്തേൺ ഇറ്റലിയിലെ ഗാർഡ ലേയ്ക്കിൽ വെള്ളിയാഴ്ചയാണ് ഈ സംഭവം നടന്നത്. ഉടൻതന്നെ ഭാര്യ നിലവിളിക്കുകയും, തുടർന്ന് അടുത്തുണ്ടായിരുന്നു മറ്റു ബോട്ടുകളും കോസ്റ്റ് ഗാർഡ് യൂണിറ്റും സംഭവസ്ഥലത്തേക്ക് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിയും തിരച്ചിൽ തുടരുകയാണ് എന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്.

കാണാതായ അൻപത്തൊന്നുകാരനായ ആളുടെ 14 വയസ്സുള്ള മകനും അഞ്ചു വയസ്സുള്ള മകളും ഭാര്യയും അദ്ദേഹത്തെ സംബന്ധിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ച ജന്മദിനം ആഘോഷിക്കുവാനിരിക്കുന്ന തന്റെ ഭർത്താവിന്റെ അപകടം കുടുംബത്തെയാകെ തകർത്തതായി ഭാര്യ പറഞ്ഞു. ഇറ്റലിയിൽ അപകടത്തിൽപ്പെട്ട ബ്രിട്ടീഷുകാരന്റെ കുടുംബത്തിനുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും, ഇറ്റാലിയൻ പോലീസ് അധികൃതരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും ബ്രിട്ടീഷ് ഫോറിൻ, കോമൺവെൽത്ത് & ഡെവലപ്മെന്റ് ഓഫീസ് വക്താവ് അറിയിച്ചു. കഠിനമായ കാറ്റ് മൂലം തിരച്ചിൽ ദുഷ്കരമാണെന്നും , എങ്കിലും പരമാവധി ശ്രമിക്കുന്നുണ്ടെന്നും കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. കുടുംബം സ്വന്തമായി ഒരു ബോട്ട് വാടകക്കെടുത്ത ശേഷം രണ്ടര മണിക്കൂറോളം അവർ അതിൽ ഉണ്ടായിരുന്നതായും കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു. പിതാവിന്റെ എന്തെങ്കിലും വിവരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് മക്കളും കുടുംബവും.