ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഹൈസ്റ്റ്രീറ്റ് മിനി മാർട്ടുകളിൽ കൊക്കെയ്ൻ, കഞ്ചാവ്, ലാഫിംഗ് ഗ്യാസ്, പ്രിസ്ക്രിപ്ഷൻ ഗുളികകൾ എന്നിവ പരസ്യമായി വിൽക്കുന്നതായി ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിൽ വെളിപ്പെട്ടു. വെസ്റ്റ് മിഡ്‌ലാൻഡ്സിലെ നാല് സമീപ പട്ടണങ്ങളിലായി നടത്തിയ രഹസ്യ ക്യാമറ ചിത്രീകരണത്തിൽ, കടകളിൽ എത്തിയ അന്വേഷകർക്ക് ഈ ലഹരിവസ്തുക്കൾ വളരെ എളുപ്പത്തിൽ ലഭിച്ചതാണ് സംഭവം പുറത്തുവരാൻ സഹായിച്ചത് . ഇത് വളരെ ഞെട്ടിക്കുന്നതാണ് എന്നാണ് നിയമസംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. അതേസമയം സമീപ നഗരങ്ങളിലെ സാധാരണ വ്യാപാരികൾ ഗുണ്ടാസംഘങ്ങളുടെ ഭീഷണിയും കത്തി-തോക്ക് ആക്രമണങ്ങളും നേരിടുന്നതായി പരാതിപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യമൊട്ടാകെ ഇത്തരത്തിലുള്ള കടമുറികൾ സംഘടിത കുറ്റകൃത്യ സംഘങ്ങൾ കൈവശപ്പെടുത്തി ലഹരിവസ്തുക്കളുടെ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നുവെന്ന് നാഷണൽ ക്രൈം ഏജൻസിയും ചാർട്ടേഡ് ട്രേഡിംഗ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ടും  മുന്നറിയിപ്പ് നൽകി . ഡെവോണിലെ ബിഡിഫോർഡ് മുതൽ നോർഫോക്കിലെ ഗ്രേറ്റ് യാർമൗത്ത്, നോർത്ത് അയർലണ്ടിലെ ബെൽഫാസ്റ്റ് വരെ നടത്തിയ പരിശോധനയിൽ 70-ലധികം കടകളിലും അനുബന്ധ സ്ഥലങ്ങളിലും ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ അടക്കമുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ലേബർ പാർട്ടി എംപി ലിയം ബേൺ രംഗത്തെത്തി. സമൂഹത്തെ കാർന്നു തിന്നുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ ഇത്തരം ക്യാൻസർ നീക്കം ചെയ്തില്ലെങ്കിൽ വളരെ ഗരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഈ വിഷയത്തിൽ അദ്ദേഹം പ്രീതികരിച്ചത് . അതേസമയം, പൊലീസ്, എൻസിഎ, ട്രേഡിംഗ് സ്റ്റാൻഡേഡ്സ് എന്നിവരുമായി ചേർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അനധികൃത ലഹരി വിൽപ്പന, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ പരാതികൾ ലഭിക്കുന്നതോടെ കർശനമായി ഇടപെടുമെന്നും വ്യക്തമാക്കി.