രമേശ് ചെന്നിത്തല

മാനവരാശിയുടെ വീണ്ടെടുപ്പിനായി മനുഷ്യപുത്രൻ ഉയിർത്തെഴുന്നേറ്റ ആ സുദിനം ആഗതമായിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ നമ്മുടെ മലയാളി സമൂഹത്തിന് ഈ സന്തോഷത്തിന്റെ സന്ദേശം പങ്കുവയ്ക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം മുറുകെപ്പിടിച്ചുകൊണ്ട് നിങ്ങളുടെ പുതിയ വീടിന് നിങ്ങൾ നൽകുന്ന നിരവധി സംഭാവനകൾ ഞാൻ തിരിച്ചറിയുന്നു. ലോകം മുഴുവൻ കോവിഡിനെയും മറ്റ് മഹാമാരികളെയും ഒക്കെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. പ്രതീക്ഷകൾ അസ്തമിച്ചു പോകുന്ന വർത്തമാനകാലത്ത് ഈസ്റ്റർ നൽകുന്ന പ്രത്യാശയും പ്രതീക്ഷയും വളരെ വലുതാണ്. മനുഷ്യനായും മാനവികതയുടെ മഹത്തായ മാതൃകകൾ സമ്മാനിച്ചും കടന്ന് പോയ ദൈവപുത്രന്റെ ഉയിർപ്പ്, അതുകൊണ്ട് തന്നെ കെട്ടകാലത്തിന്റെ മധ്യത്തിലായിരിക്കുന്ന ഈ സമയം പുതുജീവനാണ് ഒരർത്ഥത്തിൽ സമ്മാനിക്കുന്നത്. ഉയിർപ്പ് നൽകുന്ന പ്രതീക്ഷ അത് വീണ്ടെടുപ്പിന്റെയാണ്.

പ്രവാസികളായ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈസ്റ്റർ പോലെയുള്ള ആഘോഷങ്ങൾ പ്രധാനമാണ്. ജീവിതത്തിലെ സ്വപ്നങ്ങൾക്ക് നിറം പകരുവനായി നാടും വീടും വിട്ട്, അന്യനാട്ടിൽ വന്ന് കഷ്ടപ്പെടുന്നവരാണ് പ്രവാസികൾ. നമുക്ക് അറിവുള്ളത് പോലെ നാട്ടിലൊക്കെ വലിയ ആഘോഷമാണ് വീടുകളിൽ ഈസ്റ്ററിനെ തുടർന്ന് നടക്കുന്നത്. എന്നാൽ പ്രവാസികൾ ഇതെല്ലാം അകലെ നിന്ന് നോക്കി കാണാനാണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച് യുകെയിൽ ഉള്ളവർ ജീവിതത്തിന്റെ ഭാവി സ്വപ്നങ്ങളെ കൂടെ കൂട്ടുവാനാണ് ശ്രമിക്കുന്നത്. മലയാള നാട്ടിൽ നിന്ന് പണ്ട് ഗൾഫ് നാടുകളിലേക്ക് ചേക്കേറിയിരുന്ന ആളുകളെ പോലെയാണ് ഇന്ന് യുകെയിലേക്കുള്ള ഒഴുക്ക്. കേരളത്തിലും രാജ്യത്തും തൊഴിൽ ഇല്ലാതെ വരുന്നതിനെ തുടർന്നാണ് ഈ ഒഴുക്ക് ഉണ്ടാകുന്നത് എന്നുള്ളത് വ്യക്തമാണ്. അഭ്യസ്ഥവിദ്യരായ നിരവധി ചെറുപ്പക്കാർ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇവരുടെ ഒക്കെ പ്രതീക്ഷയാണ് യുകെ യിൽ എത്തുക എന്നുള്ളത്. അതിനായിട്ടാണ് ഇന്ന് അവർ പരിശ്രമിക്കുന്നത്. 25 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തു അധികാരത്തിൽ കയറിയ മോദി സർക്കാർ ഇന്ന് അതിനെ പറ്റി ഒരു അക്ഷരം പോലും മിണ്ടുന്നില്ല. അതേസമയം തന്നെ കേരളത്തിൽ ഇടതുപക്ഷ മന്ത്രി സഭ പി എസ് സിയെ പോലും അട്ടിമറിച്ചു പാർട്ടി നിയമനങ്ങൾ നടത്തുകയാണ്. ഇതാണ് നാട്ടിലെ സാഹചര്യം. ഒരർത്ഥത്തിൽ,യുകെയിലെ ഗവണ്മെന്റ് സംവിധാനവും മറ്റ് മേഖലകളും മലയാളി സമൂഹത്തിനു നൽകുന്ന പിന്തുണയെയാണ് ഈ ഒഴുക്ക് കാണിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന മേഖലയായ നേഴ്സിംഗിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകുന്ന രാജ്യമാണ് യുകെ. അതിൽ വർക്ക്‌ ചെയ്യുന്നതിൽ ഏറെയും മലയാളികളാണ് എന്നുള്ളതും ശ്രദ്ധേയമാണ്.

ഒരു രാജ്യത്തിന്റെ ഭാവി എന്നത് മെഡിക്കൽ രംഗമാണ്. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ മെഡിക്കൽ രംഗത്ത് നല്ല രീതിയിലുള്ള മുന്നേറ്റം ആവശ്യമാണ്. കേരളത്തിൽ ഹരിപ്പാട് മണ്ഡലത്തെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്. കേരളത്തിലെ ആദ്യ സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിച്ചത് ഹരിപ്പാടാണ്. വിദ്യാർത്ഥികളുടെ പഠനത്തെ മുൻ നിർത്തി മെഡിക്കൽ വിദ്യാഭാസത്തിനു ഊന്നൽ നൽകുവാനും, എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം നടപ്പിലാക്കുവാനും എന്റെ പൊതുപ്രവർത്തന ജീവിതത്തിലൂടെ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ഇന്ന് നാട്ടിലെ വിദ്യാഭ്യാസത്തെക്കാൾ മലയാളികൾ തെരഞ്ഞെടുക്കുന്നത് യുകെയിലെയാണ്. അത് ഈ രാജ്യം വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന സംഭാവനകളെയും പ്രത്യേക പരിഗണനയെയുമാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ യുകെയിൽ ജോലി ചെയുന്ന നേഴ്സുമാരിൽ 25000 ത്തിലധികം പേരും മലയാളികളാണ്. ഇതെല്ലാം ഈ രാജ്യം ഇവരെ എത്രമാത്രം സ്നേഹിക്കുന്നു എന്നുള്ളതാണ് വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായി നിലകൊള്ളുന്ന ഒരാൾ എന്ന നിലയിൽ തന്നെ മെഡിക്കൽ രംഗവുമായി ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട് ഓഫ് ബയോടെക് റിസേർച്ച് സെൻ്റർ പൂജപ്പുര, തിരുവനന്തപുരം 1993ൽ തുടങ്ങി. 300 ഓളം ശാസ്ത്രജ്ഞൻമാർ റിസേർച്ച് നടത്തുന്നു. 1000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച ആരോഗ്യമേഖലയിലെ എടുത്തു പറയേണ്ട മറ്റൊരു സംഭാവനയാണിത്.

സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരാണ് ഓട്ടിസം ബാധിച്ച കുട്ടികൾ. അവരെ ചികിത്സിക്കുന്നതിനായി “സബർമതി” എന്ന 6 ജോലിക്കാരുള്ള കേന്ദ്രവും തുടങ്ങാനായി സാധിച്ചതിൽ ഒത്തിരി ചാരിതാർത്ഥ്യം ഉണ്ട്. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ ഭാഗമായി കേരളത്തിൽ ഉടനീളം പ്രവർത്തിക്കാനും സാധിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ നിരവധി ആശുപത്രികളുടെയും, നേഴ്സിംഗ് കോളേജുകൾക്കും തുടക്കം കുറിക്കാൻ സാധിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സീറോ മലബാർ സഭയുടെ സംഭാവന പ്രത്യേകിച്ചു എടുത്ത് പറയേണ്ടതാണ്. നേഴ്സിംഗ് രംഗത്ത് നൽകുന്ന പരിശീലനവും പ്രവർത്തനമികവും പ്രശംസനീയമാണ്.

ഇന്ത്യ മഹാരാജ്യം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചാണ് ഇപ്പോൾ കടന്നു പോകുന്നത്. വർഗീയതയും ഫാസിസ്റ്റ് ഭരണ നടപടികളും രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുകയാണ്. ഇന്ന് ഭരണം കയ്യാളുന്ന സംഘപരിവാർ, മതനിരപേക്ഷതയെ റദ്ദ് ചെയ്യാൻ നിരന്തരം പരിശ്രമിക്കുകയാണ്. ഒരു രാജ്യം ഒരു നിയമം എന്നിങ്ങനെ തുടങ്ങി പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ വരെ അന്യായമായ ഇടപെടലുകൾ ഇന്ന് നടക്കുന്നു. എതിർക്കുന്ന ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാൻ അക്ഷീണം അവർ പരിശ്രമിക്കുകയാണ്. രാജ്യത്തെ തന്നെ കോർപ്പറേറ്റ് ഭീമൻമാർക്ക് അടിയറവ് വെക്കാൻ അവർ ഒരുമ്പെടുന്നു. പ്രതീക്ഷയുടെ തുരുത്തായി ചില ഇടങ്ങൾ മാത്രം ഇന്ന് മാറുകയാണ്. ജനാധിപത്യം എത്ര നാൾ നിലനിൽക്കും എന്നുള്ളതും സംശയത്തിൽ തന്നെയാണ്.

രാജ്യം ഇന്ന് ഉറ്റുനോക്കുന്ന നേതാവാണ് രാഹുൽ ജി. യുകെയിൽ എത്തിയപ്പോൾ നിങ്ങൾ നൽകിയ സ്നേഹവായ്പുകളെ കുറിച്ച് അദ്ദേഹം നേരത്തെ പരാമർശിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ സാഹചര്യം രാഹുൽ ജി നിങ്ങളുമായി ചർച്ച ചെയ്തിട്ടുണ്ട്. നിങ്ങളുടെ ചോദ്യങ്ങളും, ചർച്ചകളും അദ്ദേഹം വളരെയേറെ താല്പര്യത്തോടെയാണ് വീക്ഷിച്ചത്. യുകെയിൽ ആയിരിക്കുമ്പോൾ തന്നെ മാതൃരാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രത്യേകം പരാമർശിക്കേണ്ടതാണ്. രാജ്യം ഇന്ന് കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് നിങ്ങളും ബോധവാന്മാരാണ് എന്നുള്ളത് ആ ചർച്ചയിൽ നിന്നും വ്യക്തമാണ്. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഓരോ ഇന്ത്യക്കാരനും, ജനാധിപത്യ മതനിരപേക്ഷ വ്യക്തികളും നിലനിൽക്കേണ്ടത് എന്നുള്ളതും ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.

മലയാളികളെ ഇത്രയേറെ കരുതുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. തമാശയെന്ന മട്ടിൽ പറയുന്ന ഒരു കാര്യമാണ് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും മലയാളി ഉണ്ടാകും എന്ന്. എന്നാൽ അത് ഇന്ന് യാഥാർഥ്യമായി എന്ന് മാത്രമല്ല, ഉള്ളത് മുഴുവനും മലയാളികൾ ആണ്. അതുകൊണ്ട് യുകെയിലെ എല്ലാ മലയാളികൾക്കും ഉയിർപ്പിന്റെ എല്ലാവിധ സ്നേഹവും സന്തോഷവും നേരുന്നു. മലയാളികളായ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിച്ച് ചേർക്കുവാനാണല്ലോ മലയാളം യുകെ എന്ന ഓൺലൈൻ പോർട്ടൽ പ്രവർത്തിക്കുന്നത്. മലയാളം യുകെയുടെ എല്ലാ വായനക്കാർക്കും ഉയിർപ്പിന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു.