അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണവിധേയമാക്കിയ വൈറസ് വ്യാപനം പിടിവിട്ട് കുതിച്ചുയരുന്നതിൻ്റെ ആശങ്കയിലാണ് ബ്രിട്ടൻ . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ജനിതകമാറ്റം വന്ന വൈറസ് വകഭേദമാണ് ബ്രിട്ടനിലെ അനിയന്ത്രിതമായ രോഗവ്യാപനത്തിൻ്റെ പിന്നിലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഡെൽറ്റാ വേരിയൻ്റ് എന്നറിയപ്പെടുന്ന ഈ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സിനേഷന് സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത് . എന്നാൽ ഡെൽറ്റാ വേരിയൻ്റ് ബാധിച്ച് മരണമടഞ്ഞ 29 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരുന്നു എന്ന റിപ്പോർട്ടുകളാണ് ആശങ്കയ്ക്ക് വഴി വയ്ക്കുന്നത്.

ഇതിനിടെ ബ്രിട്ടനിൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി. രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ താൻ ആശങ്കാകുലനാണെന്നും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനം വർധിച്ചതായും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അതോടൊപ്പം ജൂൺ 21 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്ന സൂചനകൾ പ്രധാനമന്ത്രി നൽകി . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്.