ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലണ്ടൻ നഗരം ഇന്നലെ ഇരുട്ടിലായി. വൈദ്യുതി തടസ്സം ഉണ്ടായതോടെ 5,000 ത്തോളം ആളുകൾ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലാതെ വലഞ്ഞു. ട്രാഫിക് ലൈറ്റുകളുൾപ്പെടെ നിലച്ചു. ഇൻറർനെറ്റ് സേവനവും താറുമാറായി. വീട്ടിലിരുന്ന് ജോലി ചെയ്തവർക്ക് ലോഗിൻ ചെയ്യാൻ സാധിച്ചില്ല. ഭൂഗർഭ വൈദ്യുത കേബിളിലെ തകരാറാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് യുകെ പവർ നെറ്റ്‌വർക്ക് സ് പറഞ്ഞു. ഉച്ചയ്ക്ക് 12.30 ഓടെയാണ് വൈദ്യുതി തടസ്സപ്പെട്ടത്. ട്രാഫിക് ലൈറ്റുകൾ പ്രവർത്തനരഹിതമായതോടെ ലണ്ടൻ നിവാസികൾ ആശയക്കുഴപ്പത്തിലായി. വൈദ്യുതി തടസ്സം കാരണം ഭക്ഷണം പാകം ചെയ്യാൻ സാധിച്ചില്ലെന്നും ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

അതിനിടെ പോപ്ലറിലെ ഒരു ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് റോതർഹിത്തെ ടണൽ അടച്ചു. ഇത് ഗതാഗത തടസ്സത്തിനും കാരണമായി. ഈ അപകടത്തിലൂടെ ഉണ്ടായ വൈദ്യുതി തടസ്സം 38,000 ഉപഭോക്താക്കളെ ബാധിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് പറഞ്ഞു.

പോപ്ലറിലെ കാസ്റ്റർ ലെയ്‌നിലെ ഒരു ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നാല് ഫയർ എഞ്ചിനുകളും 25 ഓളം അഗ്നിശമന സേനാംഗങ്ങളും എത്തിയിട്ടുണ്ടെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഇരു നിലകളുള്ള ഇലക്ട്രിക്കൽ സബ്‌സ്റ്റേഷന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ബ്ലാക്ക്‌വാൾ ടണലും റോതർഹിത്തെ ടണലും അടച്ചിട്ടിരിക്കുന്നതിനാൽ റെയിൽവേ ഗതാഗതവും തടസ്സപ്പെട്ടു.