തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ലത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്ലത്താങ്കര ആർ.സി. ചർച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (36) ആണ് ഭാര്യ അൽമ (33)യെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിഎസ്സി കോച്ചിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു.
ഒമ്പത് വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ഇവർക്കിടയിൽ ഉണ്ടായ കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നതെന്ന് സൂചന. സമീപവാസികൾക്ക് മുൻപ് തർക്കങ്ങളോ ബഹളങ്ങളോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നതും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.
സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബെഡ്റൂമിൽ രക്തത്തിൽ കുളിച്ച നിലയിൽ അൽമയെ കണ്ടെത്തുകയായിരുന്നു. കഴുത്തിന് പിന്നിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികൾക്ക് മക്കളില്ലെന്നും പൊലീസ് അറിയിച്ചു.











Leave a Reply