കുഞ്ഞനുജത്തിക്ക് ഏറ്റവും പ്രിയപ്പെട്ട കരടിപ്പാവയെ ജൊവാനയുടെ മൃതദേഹത്തിനരികിൽ വച്ചപ്പോൾ മൂത്ത സഹോദരൻ ജോയൽ വിതുമ്പി. പിതാവ് റിജോഷിനൊപ്പം ഒരേ കുഴിയിലായിരുന്നു ജൊവാനയുടെയും അന്ത്യവിശ്രമം. മുംബൈ പൻവേലിലെ ലോഡ്ജിൽ അമ്മ ലിജിയും അമ്മയുടെ സുഹൃത്ത് വസീമും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തിയ ജൊവാന(2)യുടെ മൃതദേഹം പുത്തടിയിലെ റിജോഷിന്റെ കുടുംബവീട്ടിൽ എത്തിച്ചപ്പോൾ ഗ്രാമം വിതുമ്പി.

വീട്ടുകാരും നാട്ടുകാരും ‘കുഞ്ഞൂസ്’ എന്നു വിളിക്കുന്ന ജൊവാനയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു കരടിപ്പാവ. മൃതദേഹം അടക്കം ചെയ്ത പെട്ടിക്കു മുകളിൽ പതിച്ച, ജൊവാനയുടെ ചിരിക്കുന്ന ചിത്രത്തിനടുത്തായി കരടിപ്പാവയെ ഇരുത്തി. പാവയെ കുഞ്ഞനുജത്തിയുടെ ശവകുടീരത്തിൽ വച്ചശേഷമാണു ജോയൽ കണ്ണീരോടെ പള്ളിയിൽ നിന്നു മടങ്ങിയത്. കരടിപ്പാവയെ ചേർത്തുപിടിച്ച് കരഞ്ഞുകൊണ്ട് മൃതദേഹത്തിനരികിൽ നിന്ന സഹോദരങ്ങളായ ജോയലും ജോഫിറ്റയും കണ്ടുനിന്നവരുടെ കണ്ണുകളെയും ഇൗറനണിയിച്ചു.

ജൊവാനയുടെ മൃതദേഹം ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് ലത്തീൻ സഭ കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു.

അന്ത്യകർമങ്ങൾക്ക് സഹ കാർമികത്വം വഹിക്കാനുള്ള നിയോഗമായിരുന്നു ഫാ.വിജോഷ് മുല്ലൂരിന്. വിജയപുരം രൂപതയിലെ വൈദികൻ ആയ ഫാ.വിജോഷ് മുല്ലൂർ, കൊല്ലപ്പെട്ട റിജോഷിന്റെ മൂത്ത സഹോദരൻ ആണ്. ഒപ്പീസ് ചൊല്ലുമ്പോൾ പലപ്പോഴും ഫാ.വിജോഷിന്റെ വാക്കുകൾ ഇടറി.

ജൊവാനയുടെ അന്ത്യ കർമങ്ങൾക്കിടെ കരഞ്ഞു തളർന്ന് വീണു പോയ മാതാവ് കൊച്ചുറാണിയെ താങ്ങി എഴുന്നേൽപിച്ചതും ഫാ.വിജോഷ് ആണ്. ജൊവാനയുടെ ചേട്ടായി ജോയലിനേയും കുഞ്ഞേച്ചി ജോഫിറ്റയേയും ചേർത്തു പിടിച്ച് സമാധാനിപ്പിച്ചു. റിജോഷിന്റെ മരണാനന്തര ചടങ്ങുകളിലും സഹ കാർമികത്വം വഹിച്ചത് ഫാ.വിജോഷ് ആയിരുന്നു. ഫാ.വിജോഷും ഇളയ സഹോദരൻ ജിജോഷും ചേർന്നാണ് ജൊവാനയുടെ മൃതദേഹം ഏറ്റു വാങ്ങാൻ ശനിയാഴ്ച രാത്രി മുംബൈയിൽ എത്തിയത്.

കുഞ്ഞു ജൊവാനയെ അവസാനമായി കാണാൻ ലിജിയുടെ പിതാവും ബന്ധുക്കളും ഇന്നലെ റിജോഷിന്റെ വീട്ടിൽ എത്തി. പുത്തടി, കല്ലിങ്കൽ കുര്യന്റെ മകളാണ് ലിജി. ലിജിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് 3 വയസ്സ് ഉള്ള ഇളയ കുട്ടിയുമായി കുര്യനെയും മകളെയും ഉപേക്ഷിച്ച് പോയിരുന്നു. അതിനു ശേഷം രണ്ടാനമ്മയാണ് ലിജിയെ വളർത്തിയത്. റിജോഷുമായുള്ള വിവാഹത്തിന് ശേഷം കുടുംബവുമായി ലിജി നല്ല ബന്ധത്തിൽ ആയിരുന്നില്ല.

നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണം ഭയന്ന് റിജോഷിന്റെ മരണാനന്തര ചടങ്ങുകളിൽ ലിജിയുടെ പിതാവും ഉറ്റ ബന്ധുക്കളും പങ്കെടുത്തിരുന്നില്ല. ലിജിയുമായി തങ്ങൾക്ക് ഇനി ഒരു ബന്ധവും ഇല്ലെന്ന് ഇവർ പറഞ്ഞു.

അച്ഛനു പിന്നാലെ ഈ ലോകം വിട്ടുപോയ പിഞ്ചു ജൊവാനയ്ക്ക് ചാച്ചൻ ജിജോഷിന്റെ വേദനയിൽ കുതിർന്ന യാത്രാമൊഴി. ഫെയ്സ്ബുക്കിൽ കുറിച്ച വിയോഗക്കുറിപ്പിലാണ് കൊല്ലപ്പെട്ട ജൊവാനയുടെ പിതാവ് റിജോഷിന്റെ സഹോദരൻ ജിജോഷ് വേദന പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണ രൂപം

കുഞ്ഞുസേ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ പ്രാത്ഥിക്കണേ.. അവിടെ നിന്നെ നോക്കാൻ നിന്റെ പപ്പാ നിനക്ക് മുൻപേ പോയി വഴി ഒരുക്കീന്നു ചാച്ചൻമാർക്ക് അറിയാം.. അല്ലേലും പണ്ടു മുതലേ കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ… കളിയും ചിരിയും വരകളും നിറഞ്ഞ ലോകത്തു നിന്നു മാലാഖമാരും എല്ലാവരും ഉള്ള പറുദീസയിലേക്കാണല്ലോ കുഞ്ഞു പോയത്. അവിടെ പിന്നെ ചതിയും വഞ്ചനയും ഇല്ലല്ലോ.. അല്ലേലും പപ്പാ എന്ന് പറഞ്ഞാൽ നിനക്കും ജീവനാണല്ലോ. എവിടെ പോയാലും റിജോ പപ്പാനെ മാത്രം മതീല്ലോ..

സ്നേഹിച്ചു കൊതി തീർന്നില്ലാലോ കുഞ്ഞുസേ നിന്നെ.. വിടരുന്നതിനെ മുൻപേ അടർത്തി എടുത്തല്ലോ നിന്നെ..
ചാച്ചൻ നോക്കിയേനേലോ, പൊന്നു പോലെ നോക്കിയേനേലോ നിന്നെ.. എല്ലാ ദിവസം ഓടിവന്നു കുഞ്ഞിചാച്ചാ വല്യചാച്ചാ എന്ന വിളിയോടയല്ലേ തുടങ്ങാറ്. ആ വിളി എങ്ങോ എവിടെന്നോ ഒക്കെ കേൾക്കുന്ന പോലെ.. ആദ്യമായും അവസാനമായും ബോംബെ ഒക്കെ കാണാൻ പറ്റിയല്ലോ നിനക്ക്‌.. ഡോക്ടർ ആകണം എന്ന ആഗ്രഹം സാധിച്ചു തരാൻ പറ്റിയില്ലല്ലോ..
റിജോ പപ്പയുടെ അടുത്ത് ഏറ്റവും സേഫ് ആണെന്ന് ചാച്ചൻമാർക്കറിയാം.. അല്ലേലും ഈ ലോകത്തിലെ കപട സ്നേഹത്തിൽ നിന്നു നിന്റെ പപ്പാ നിന്നെ രക്ഷിച്ചല്ലോ.. നിന്റെ ചേട്ടായിയും ചേച്ചിയും എന്നും അന്വേഷിക്കാറുണ്ട് നിന്നെ.. പപ്പയോടു പറഞ്ഞേരെ അവരെ പൊന്നുപോലെ ചാച്ചന്മാര് നോക്കൂന്ന്.
സ്നേഹത്തോടെ കുഞ്ഞിചാച്ചൻ