ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും കാണാതായ പ്രത്യുഷ എന്ന യുവതിയെ വ്യാജ സ്വാമിയായ ശിവ ഗുപ്തയുടെ ആശ്രമത്തില്‍ നിന്നും കണ്ടെത്തി. ഡെറാഡൂണിലെ ആശ്രമത്തില്‍ നിന്നും യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഇക്കഴിഞ്ഞ ജനുവരി 17നാണ് ഐ.ഐ.ടിയിലെ സബര്‍മതി ഹോസ്റ്റലില്‍ നിന്നും പ്രത്യുഷയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
താന്‍ സന്യസിക്കാനായി ഹിമാലയത്തിലേക്ക് പോവുകയാണെന്ന കുറിപ്പും യുവതിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ ഉത്താരഞ്ചല്‍ പോലീസാണ് യുവതിയെ കണ്ടെത്തിയത്. ആശ്രമത്തില്‍ നിരവധി യുവതികളെ കണ്ടെത്തിയെങ്കിലും ശിവ ഗുപ്തയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. ഇയാളെക്കുറിച്ച് പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണിത്. കൂടാതെ ആശ്രമത്തിലുള്ള യുവതികളെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെയെത്തിയതെന്നും പോലീസ് പറഞ്ഞു.

ഹോസ്റ്റലില്‍ നിന്നും പോയതിന് ശേഷം പ്രത്യുഷ ജനുവരി 23നാണ് ഗുരുവിന്റെ സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി ഭാസ്‌കറിനൊപ്പമാണ് മുംബൈയിലേക്ക് വണ്ടി കയറുന്നത്. കാണാതായ ദിവസം ഇവര്‍ ഗുരുവിനോട് അഞ്ച് തവണ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് ആശ്രമത്തില്‍ വച്ച് പ്രത്യുഷയെ കണ്ടെത്തിയത്.