ജെഗി ജോസഫ്

ഗ്ലോസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച വൈകുന്നേരം തിരുന്നാളിന് കൊടിയേറിയപ്പോള്‍ ചടങ്ങില്‍ ഗ്ലോസ്റ്ററിലെ കത്തോലിക്കാ വിശ്വാസ സമൂഹം മുഴുവന്‍ പങ്കെടുത്തു. തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമിട്ട് സെൻറ് അഗസ്റ്റിൻ ചർച്ച് വികാരി ഫാ ജെറി വാല്‍ഷ് കൊടി ഉയര്‍ത്തി. മനോഹരമായി അലങ്കരിച്ച ദേവാലയവും വിശ്വാസ സമൂഹത്തിന്റെ അര്‍പ്പണ മനോഭാവും മനസ് നിറച്ചെന്നും ഏവര്‍ക്കും നന്ദി പറയുന്നുവെന്നും ഫാ ജെറി വെല്‍ഷ് പറഞ്ഞു. തുടര്‍ന്ന് ഗ്ലോസ്റ്റർ സെൻറ് മേരീസ് പ്രൊപ്പോസ്റ് മിഷൻ വികാരി ജിബിന്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മരിച്ചുപോയ പൂര്‍വ്വികരെ സ്മരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പ്രധാന തിരുനാൾ ദിവസമായിരുന്ന ഞായറാഴ്ചയും മനോഹരമായി ദേവാലയം അലങ്കരിച്ചിരുന്നു . ഞായറാഴ്ച പള്ളിയില്‍ മൂന്നു മണിയോടെ ചടങ്ങുകള്‍ തുടങ്ങി. രണ്ടര മണിയോടെ തന്നെ വിശ്വാസ സമൂഹത്തെ കൊണ്ട് ദേവാലയം നിറഞ്ഞുകവിഞ്ഞു.

കഴിഞ്ഞ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും അള്‍ത്താര ബാല സംഘവും ചേര്‍ന്ന് പ്രദക്ഷിണമായിട്ടാണ് ടോണി അച്ചന്റെ നേതൃത്വത്തില്‍ പള്ളിയിലേക്ക് പ്രവേശിച്ചത്.ഫാ ടോണി പഴയകളത്തിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഗായക സംഘം മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

നേരത്തെ ഗ്ലോസ്റ്റര്‍ സമൂഹത്തിനൊപ്പമുണ്ടായിരുന്നതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഗ്ലോസ്റ്ററിന്റെ മഹത്വത്തെ കുറിച്ചും കരുത്തുറ്റ സമൂഹമാണ് ഇവിടുള്ളവരെന്നും ഫാ ടോണി പഴയകളം പറഞ്ഞു. പള്ളിയില്‍ സ്വന്തമായി അച്ചനുണ്ടായിരുന്നില്ലെന്ന കുറവ് മാറി ഫാ ജിബിന്‍ വാമറ്റത്തിന്റെ നേതൃത്വത്തില്‍ ഗ്ലോസ്‌റ്റർ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പുരോഗമിച്ചെന്നും ഫാദര്‍ പറഞ്ഞു. താമരശ്ശേരി രൂപതയുടെ മുന്‍ മതബോധന കേന്ദ്ര ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ സേവനം വിശ്വാസ സമൂഹത്തിന് ഗുണകരമാണെന്നും ഫാ ടോണി പഴയകളം പറഞ്ഞു.

തിരുന്നാള്‍ ആഘോഷിക്കേണ്ടതിന്റെ കാരണങ്ങളെ കുറിച്ച് സംസാരിച്ച ഫാ ടോണി കുട്ടികളുമായി ലളിതമായ സംവാദം നടത്തി.കുട്ടികളുമായി വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കാനെത്തിയവരെ പ്രത്യേകമായി അഭിനന്ദിച്ചു. തുടര്‍ന്ന് മുത്തുകുടകളും കൊടി തോരണങ്ങളും വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഏറെ ശ്രദ്ധേയമായി. ഗ്രൗണ്ട് ചുറ്റി പ്രദക്ഷിണം നടന്നുനീങ്ങുമ്പോള്‍ പ്രദേശവാസികളും കാണാനായി തടിച്ചുകൂടിയിരുന്നു. ശേഷം ഗ്ലോസ്റ്റര്‍ സമൂഹത്തെ മുന്‍ കാലങ്ങളില്‍ നയിച്ച ഫാ ടോണി പഴയകളത്തിന് ട്രസ്റ്റി ആൻറണി ജെയിംസ്‌ നന്ദി രേഖപ്പെടുത്തുകയും മറ്റൊരു ട്രസ്‌റ്റിയായ ബാബു അളിയത്ത് ഗ്ലോസ്റ്റര്‍ കമ്യൂണിറ്റിയുടെ ഭാഗമായ സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു.

തിരുനാൾ കുർബാനയ്ക്ക് ശേഷം സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. മലയാളികള്‍ക്ക് ഇഷ്ട വിഭവമായ ചൂടന്‍ ലൈവ് പൊറോട്ടയും ബീഫും ആയിരുന്നു ഭക്ഷണം.ലൈവായി പൊറോട്ടയൊരുക്കിയ മട്ടാഞ്ചേരി കിച്ചണിലെ ലോഗൻ ഏവരുടേയും മനസ് കീഴടക്കി. ബീഫ് കറി പാചകം ചെയ്‌തൊരുക്കിയത് ഗ്ലോസ്റ്ററിന്റെ സ്വന്തം സോജനും. രുചിയേറിയ ഭക്ഷണം ഒരുക്കിയതിന് ഇരുവർക്കും ഏവരും നന്ദി പറഞ്ഞു.കുട്ടികള്‍ അടക്കം രുചികരമായ ആഹാരം ആസ്വദിക്കുന്നതിനൊപ്പം പൊറോട്ട ഫാന്‍സ് ആയി മാറുകയായിരുന്നു. കേരളത്തിന്റെ ഔദ്യോഗിക ഭക്ഷണം തന്നെ പെരുന്നാളിന്റെ ഭാഗമായി ഒരുക്കിയതിന് കൈക്കാരന്മാരായ ബാബു അളിയത്തിനും ആന്റണി ജെയിംസിനും പലരും നന്ദി പറയുന്നുണ്ടായിരുന്നു.

വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പള്ളി അലങ്കരിച്ചത്. മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി മത്സരങ്ങളും നടന്നു. പലഹാര സ്റ്റാളുകളും പെരുന്നാളിന്റെ മനോഹര കാഴ്ചയായി മാറി.
മികച്ച രീതിയില്‍ പെരുന്നാള്‍ സംഘടിപ്പിച്ചതിന് ഭാരവാഹികളേയും വുമണ്‍സ് ഫോറത്തിനേയും ഗായക സംഘത്തേയും അള്‍ത്താര ബാലന്മാരേയും യൂത്ത് ലീഗിനേയും ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തവർക്കും ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ നന്ദി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്കുള്ള കുര്‍ബാനയോടെയാണ് തിരുനാൾ അവസാനിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന തിരുന്നാളില്‍ വലിയ പങ്കാളിത്തമാണ് ഗ്ലോസ്റ്റര്‍ വിശ്വാസർക്കും സമൂഹം നല്‍കുന്നത്. ആദ്യമായിട്ടാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷം. മറക്കാനാകാത്ത ഒരു പെരുന്നാള്‍ ആഘോഷമാണ് ഇക്കുറി ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തെ തേടിയെത്തിയത്.