ഉണ്ണികൃഷ്ണൻ ബാലൻ

രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിന് അറുതി വരുത്തിയ ദിവസമാണിന്ന് . ഒരു സാധാരണ പോരാട്ടമായിരുന്നില്ല ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം. ആയുധത്തെക്കാള്‍ പലപ്പോഴും ആശയങ്ങളാണ് അതിനെ നയിച്ചത്. നാടിന്‍റെ അഭിമാനം കാത്തുരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ നേതാക്കന്‍മാരുടെ വാക്കുകള്‍ സമരമുഖത്തേക്ക് ജനകോടികളെ ആകര്‍ഷിച്ചു. സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ ആയുസ്സും ആരോഗ്യവും ത്യജിച്ച അനേകായിരം രാജ്യസ്നേഹികളുടെ ജ്വലിക്കുന്ന ഓര്‍മ്മകളോടെ ഈ ദിനം നമുക്ക് ആചരിക്കാം. മുന്നേറ്റത്തിന്‍റെയും സമഭാവനയുടെയും കഥകളാണ് ഓരോ സ്വാതന്ത്ര്യ ദിനവും നമ്മെ ഓർമിപ്പിക്കുന്നത് . ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീതമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നില്‍ മാതൃകയായി കാഴ്ച വയ്ക്കാം.

ലോകജനതയെ ആകെ പിടിച്ചുലച്ച ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ച് വർഷത്തിലേക്കു കടക്കുന്നത്….ഈ അവസരത്തിൽ ലോകത്തിനു മുഴുവൻ ശാന്തിയും സമാധാനവും രോഗമുക്തിയും ലഭിക്കുമാറ് ശാസ്ത്ര പുരോഗതിയുണ്ടാവട്ടെ എന്നുകൂടി ആശംസിക്കുന്നു.
മഹത്തായ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങൾ എല്ലാം തകർക്കെപ്പെടുന്ന ദുഖകരമായ ഒരു കാഴ്ചയാണ് ഇന്ന് ഇന്ത്യയിൽ കാണുന്നത്. മതവർഗ്ഗീയവാദികൾ സകല മേഖലകളിലും പിടി മുറുക്കിയിരിക്കുകയാണ്. ലോകത്തിനു മുഴുവൻ മാതൃകയായ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും മാറ്റിയെഴുതാനുള്ള പുറപ്പാടിലാണ് സംഘപരിവാർ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം.

കോവിഡ് 19 എന്ന മാരകരോഗത്തിന്റെ പിടിയിൽ അമർന്നു ഇന്ത്യൻ ജനത കഷ്ടപ്പെടുമ്പോൾ ഈ മഹാമാരിയുടെ മറവിൽ ഇന്ത്യാ മഹാരാജ്യത്തെതന്നെ കുത്തക മുതലാളിമാർക്കും സാമ്രാജ്യത്വ ശക്തികൾക്കും വിൽക്കാനും അടിയറവെക്കാനുമുള്ള വ്യഗ്രതയിലാണ് മോദി ഭരണകൂടം .അതിന് എതിർപ്പുകളുയരാതിരിക്കാനും അതിൽ നിന്നും ശ്രദ്ധ തിരിക്കാനുമായി രാമക്ഷേത്ര നിർമ്മാണം എല്ലാവരുടേതുമാകേണ്ട ഭരണകൂടം തന്നെ സ്വയം ഏറ്റെടുക്കുകയും വിശ്വാസികളുടെ വൈകാരികമായ പിന്തുണ നേടി വർഗ്ഗീയ ചേരിതിരിവു സൃഷ്ടിച്ച് മുതലെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഇക്കൂട്ടർ മഹാത്മാ ഗാന്ധിയെയും നെഹ്റുവിനേയുംപ്പോലുള്ള നേതാക്കളെ പോലും തള്ളിപ്പറയുന്നു .ഈ അവസരത്തിൽ ഇന്ത്യൻ ഭരണഘടന കാത്തു സൂക്ഷിക്കുമെന്നും ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്താനുതകും വിധം പ്രവർത്തനസജ്ജരാകുമെന്നും നമക്ക് പ്രതിജ്ഞഎടുക്കാം .

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര യോദ്ധാക്കളുടെയാകെ സ്മരണയ്ക്ക് മുമ്പിൽ സമീക്ഷ യുകെ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു “സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം”