ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
യോര്‍ക്ഷയറിലെ പ്രധാന അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി നടത്തപ്പെട്ടു. കോവിഡിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍ ജനങ്ങള്‍ക്ക് നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തിലാണ് ഓണാഘോഷങ്ങള്‍ നടന്നത്. ഇരുപത് മാസങ്ങള്‍ക്ക് ശേഷമാണ് കീത്തിലി മലയാളി അസ്സോസിയേഷനിലെ കുടുംബങ്ങള്‍ ഒരുമിച്ച് കൂടുന്നത്. 2019 ഡിസംബറില്‍ ക്രിസ്തുമസ്സ് പുതുവത്സരാഘോഷമായിരുന്നു അവസാനമായി അസ്സോസിയേഷന്‍ നടത്തിയത്. കോവിഡ് അതിന്റെ താണ്ഡവം തുടര്‍ന്നപ്പോള്‍ എല്ലാ ആഘോഷങ്ങളും അവസാനിപ്പിക്കേണ്ടതായി വന്നു. നാളുകള്‍ക്ക് ശേഷം കൂടിക്കണ്ടതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.

കീത്തിലി കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി ആന്റോ പത്രോസ് സ്വാഗതം പറഞ്ഞ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മാവേലി തമ്പുരാന്റെ എഴുന്നള്ളത് നടന്നു. തിരുവാതിര കളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളുമായി ആഘോഷം പൊടിപൊടിച്ചു. അസ്സോസിയേഷനിലെ കലാകാരന്മാരും കലാകാരികളുമതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. പതിനെട്ടു കൂട്ടം കറികളും രണ്ട് തരം പായസങ്ങളും കൂട്ടിയുള്ള ഓണ സദ്യ നാള്കള്‍ക്ക് ശേഷം തമ്മില്‍ കണ്ടതിന്റെ ആവേശത്തിലാണ് എല്ലാവരും കഴിച്ചത്.

ഓണസദ്യയ്ക്ക് ശേഷം യുക്മ നാഷണല്‍ കലാമേളയിയില്‍ വിജയികളായ റീജ ഫെര്‍ണാണ്ടസ്, ഫെര്‍ണാണ്ടസ് വര്‍ഗ്ഗീസ്, സച്ചിന്‍ ഡാനിയേല്‍ എന്നിവര്‍ക്കുള്ള സമാനദാനവും നടത്തപ്പെട്ടു. തുടര്‍ന്ന് കീത്തിലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ നന്ദി പറഞ്ഞ് 2021 ലെ ഓണാഘോഷം അവസാനിച്ചു.

കീത്തിലി മലയാളി അസ്സോസിയേഷന്റെ 2021 ലെ ഓണാഘോഷത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ മലയാളം യുകെ പകര്‍ത്തിയത് ചുവടെ ചേര്‍ക്കുന്നു.