വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായിരിക്കെയാണ് എംബസിയുടെ നിർദേശം

ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ തുടരുന്നതിനിടെ യുക്രെയ്നിലെ സ്ഥിതിഗതികൾ രാഷ്ട്രപതി റാം നാഥ് കോവിന്ദിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയാണ്, മോദി രാഷ്ട്രപതിയോട് കാര്യങ്ങൾ വിശദീകരിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും ഉന്നതതല യോഗം ചേർന്നു.

യുക്രെയ്നിൽ റഷ്യ സൈനികനീക്കം ആരംഭിച്ചശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന മൂന്നാമത്തെ ഉന്നതതല യോഗമാണ് ഇത്. ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാൻ വ്യോമസേനയും ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ‘നമ്മുടെ വ്യോമസേനയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ സാധിക്കും. മാനുഷിക സഹായം കൂടുതൽ കാര്യക്ഷമമായി എത്തിക്കാനും ഇത് സഹായിക്കും.’– പ്രധാനമന്ത്രി പറഞ്ഞു.

വ്യോമസേനയുടെ ട്രാൻസ്പോ‍ർട്ട് വിമാനങ്ങളെ ഉപയോഗിച്ച് ഒഴിപ്പിക്കൽ അതിവേഗത്തിലാക്കാനാണ് കേന്ദ്രനീക്കം. വ്യോമസേനയുടെ സി–17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രെയ്‌നും അതിർത്തിരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. ഇവ കൈമാറാൻ സി–17 വിമാനങ്ങൾ ഇന്ത്യ അങ്ങോട്ട് അയയ്ക്കുന്നുണ്ട്.

സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി–17 വിമാനങ്ങൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചുവരാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്വകാര്യ എയ‍ർലൈൻ കമ്പനികളായ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയാണ് ഒഴിപ്പിക്കൽ നടപടിയിൽ പങ്കെടുക്കുന്നത്. അടുത്ത രണ്ടു ദിവസത്തിനകം 23 സർവീസുകൾ കൂടി ഈ കമ്പനികൾ നടത്തും. ഇതോടൊപ്പമായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സർവീസ്.

കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി (ഹംഗറി), ജ്യോതിരാദിത്യ സിന്ധ്യ (റുമാനിയ, മോൾഡോവ), കിരൺ റിജിജു (സ്ലൊവാക്യ), ജനറൽ വി.കെ.സിങ് (പോളണ്ട്) എന്നിവരെ യുക്രെയ്‌ന്റെ അതിർത്തി രാജ്യങ്ങളിലേക്കു അയയ്ക്കാൻ തിങ്കളാഴ്ചത്തെ ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാനാണ് കേന്ദ്രമന്ത്രിമാരെ പ്രധാനമന്ത്രി നിയോഗിച്ചത്.